ബാല്യകാലസ്മരണയില്‍ ‘ലോനപ്പന്റെ മാമ്മോദീസ’യിലെ ഗാനം; വീഡിയോ

January 30, 2019

മലയാളികളുടെ പ്രിയതാരം ജയറാം നായകനായെത്തുന്ന പുതിയ ചിത്രം ‘ലോനപ്പന്റെ മാമ്മോദീസ’യിലെ ഗാനം ശ്രദ്ധേയമാകുന്നു. ബാല്യകാലസ്മരണകളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന തരത്തിലുള്ള ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ഒരു സാധാരണ സ്‌കൂളും നാട്ടിന്‍പുറവും മഴയുമെല്ലാം ഇടംപിടിച്ചിരിക്കുന്നു എന്നതാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം. ജോസഫ് അല്‍ഫോന്‍സാണ് ആലാപനം. ഹരിനാരായണന്റെ വരികള്‍ക്ക് അല്‍ഫോന്‍സ് ജോസഫ് സംഗീതം പകര്‍ന്നിരിക്കുന്നു.

ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ഉടന്‍ തീയറ്ററുകളിലെത്തും. ‘പഞ്ചവര്‍ണ്ണതത്ത’ എന്ന ചിത്രത്തിനു ശേഷം ജയറാം നായകവേഷത്തിലെത്തുന്ന ചിത്രമാണ് ലോനപ്പന്റെ മാമ്മോദീസ.

ലിയോ തദ്ദേവൂസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യുവാണ് നിര്‍മ്മാണം. ലോനപ്പന്റെ മാമ്മോദീസായുടെ ആദ്യഭാഗങ്ങള്‍ ചിത്രീകരിച്ചത് അങ്കലാമിയിലാണ്. ചിത്രത്തില്‍ ഒരു സാധാരണക്കാരനായ നാട്ടിന്‍പുറത്തുകാരന്റെ വേഷത്തിലാണ് ജയറാം പ്രത്യക്ഷപ്പെടുന്നത്. വാച്ച് കടക്കാരനായ ലോനപ്പന്‍ എന്ന കഥാപാത്രമായാണ് ജയറാം ചിത്രത്തില്‍ വേഷമിടുന്നത്.

Read more: ഓഡിയന്‍സ് ചോയ്‌സില്‍ മനോഹരഗാനവുമായ് അനന്യക്കുട്ടി

ചിത്രത്തില്‍ ജയറാമിനൊപ്പം കനിഹ, അന്ന രേഷ്മ രാജന്‍, ശാന്തി കൃഷ്ണ, ഇന്നസെന്റ്, ദിലീഷ് പോത്തന്‍, ജോജു, മാള, ഹരീഷ് കണാരന്‍, അലന്‍സിയര്‍ തുടങ്ങി വലിയ താരനിരകള്‍ പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. ചമക്കുന്ന് എന്ന ഗ്രാമത്തില്‍ ജീവിക്കുന്ന ലോനപ്പന്റെയും അയാള്‍ക്ക് ചുറ്റുമുള്ള കുറെ ആളുകളുടെയും ജീവിതങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് ചിത്രീകരിക്കുന്ന സിനിമയാണ് ലോനപ്പന്റെ മാമ്മോദീസ. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രം കാത്തിരിക്കുന്നത്.