‘മൂത്തോന്റെ’ വരവറിയിച്ച് അണിയറപ്രവർത്തകർ; ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാം..

January 14, 2019

മലയാളികളുടെ പ്രിയപ്പെട്ട ഗീതു മോഹൻദാസിന്റെ ചിത്രങ്ങൾ ചലച്ചിത്രമേളകളിൽ പ്രദർശനത്തിനെത്തുമ്പോൾ ഏറെ അഭിമാനത്തോടെയാണ് മലയാളികൾ ഈ താരത്തെ നോക്കിനിക്കുന്നത്. അഭിനേതാവായും സംവിധായകയായുമൊക്കെ തിളങ്ങുന്ന ഗീതുവിന്റെ മലയാളം ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് മലയാളികൾ. നിവിൻ പോളിയെ നായകനാക്കി ഗീതു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള വർത്തകൾ കേട്ടതുമുതൽ ഏറെ സന്തോഷത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

‘മൂത്തോൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ ഉടനെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ജനുവരി 17 നാണ് ടീസർ പുറത്തിറങ്ങുന്നത്. ട്രെയിലര്‍ റിലീസ് അറിയിച്ച് കൊണ്ടുള്ള ഒരു സ്നീക്ക് പുറത്തിറക്കിയിരിക്കുകയാണ് മൂത്തോന്റെ ടീം. ചിത്രം നേരത്തെ പൂർത്തിയായിരുന്നു. എന്നാല്‍ ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷമേ ‘മൂത്തോന്‍’ തീയേറ്ററുകളിലെത്തുകയുള്ളു.  പതിനാലുകാരനായ പയ്യൻ  തന്റെ സഹോദരനെത്തേടി പുറപ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ധാരാളം വൈകാരികത നിറഞ്ഞ രംഗങ്ങള്‍ ചിത്രത്തിലുടനീളമുണ്ട്.

ഗീതു മോഹൻ ദാസ് സംവിധാനവും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പുതിയ രൂപത്തിലാണ് നിവിൻ എത്തുന്നത്. തല മൊട്ടയടിച്ച് പരുക്കന്‍ ഗെറ്റപ്പിലാണ് നിവിന്‍ .  സിനിമയുടെ ചിത്രീകരണം ലക്ഷദ്വീപിലും മുംബൈയിലുമായാണ്.   സിനിമയ്ക്ക് ‘ഇന്‍ഷാ അള്ളാഹ്’ എന്നായിരുന്നു ആദ്യം പേരിട്ടിരുന്നത്.

മൂത്തോന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗീതുവിന്റെ ഭര്‍ത്താവ് രാജീവ് രവിയാണ് . ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപാണ്. എഡിറ്റിങ് ബി.അജിത്കുമാര്‍. ഗാങ്സ് ഓഫ് വാസിപ്പൂര്‍, ബോംബെ വെല്‍വെറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുനാല്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എല്‍. റായ്, അലന്‍ മക്അലക്സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.