മരുന്ന് വാങ്ങാന്‍ പണമില്ലെന്ന് വൃദ്ധ, സഹായിച്ച് വിജയ് സേതുപതി; കൈയടിച്ച് സോഷ്യല്‍ മീഡിയ

January 29, 2019

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലുമുണ്ട് വിജയ് സേതുപതിക്ക് ആരാധകര്‍ ഏറെ. മക്കള്‍ സെല്‍വന്‍ എന്നാണല്ലോ അദ്ദേഹത്തെ ആരാധകര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്നതുപോലും. സിനിമയിലെ അഭിനയം കൊണ്ടു മാത്രമല്ല ജീവിതത്തില്‍ പുലര്‍ത്തുന്ന ലാളിത്യവും സ്‌നേഹമനോഭാവവുമെല്ലാം പലപ്പോഴും വിജയ് സേതുപതിയെ ആരാധകരുടെ പ്രീയപ്പെട്ടവനാക്കുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഒരു വൃദ്ധയോടുള്ള വിജയ്‌സേതുപതിയുടെ പെരുമാറ്റത്തിന്റെ വീഡിയോ.

ഒരു സിനിമയുടെ ലൊക്കേഷനില്‍വെച്ചായിരുന്നു സംഭവം. ചിത്രീകരണം കാണാനെത്തിയ പ്രായമായ ഒരു വൃദ്ധ വിജയ് സേതുപതിയുടെ അരികിലെത്തി. മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനേ.., എന്ന ആ അമ്മയുടെ സങ്കടംപറച്ചില്‍ വിജയ് സേതുപതി ഹൃദയംകൊണ്ട് കേട്ടു.

തന്റെ സഹായികളുടെ കൈയില്‍ നിന്നെല്ലാം പണം വാങ്ങിയ വിജയ് സേതുപതി പൈസ എത്രയെന്നു പോലും നോക്കാതെ ആ തുക മുഴുവന്‍ വൃദ്ധയ്ക്ക് നല്‍കി. ആരാധകര്‍ക്കൊപ്പം ആഹ്ലാദിക്കാന്‍ മാത്രമല്ല അവരുടെ കണ്ണീരൊപ്പാനും താനുണ്ടെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് മഹാനടന്‍.