ഒരു ന്യൂസിലന്‍ഡൻ ട്രോൾ; വീണ്ടും ട്രോളി കയ്യടി നേടി കേരളാ പൊലീസ്…

February 5, 2019

ചുരുങ്ങിയ കാലയളവുകൊണ്ട് ഏറെ ശ്രദ്ധ നേടിയ ഒന്നാണ് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ജനങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടികളുമെല്ലാം ട്രോള്‍ രൂപത്തില്‍ ഇറക്കി ശ്രദ്ധയാകര്‍ഷിച്ചതാണ് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജ്. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ബോധവല്‍കരണവും കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ ശക്തമായി മുന്നേറുന്നുണ്ട്.

ഇപ്പോഴിതാ ട്രോളിന് ട്രോള്‍ മറുപടിയുമായി കേരള പൊലീസ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.എന്നാൽ ഇത്തവണ ട്രോളിലൂടെ മറുപടി നൽകിയിരിക്കുന്നത് ന്യൂസിലൻഡുകാർക്കാണെന്ന് മാത്രം..

ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിനിടെ മോശം പ്രകടനം കാഴ്ച്ച വെച്ച സ്വന്തം ടീമിനെ ട്രോളിയ ന്യൂസിലൻഡ് ഈസ്റ്റേൺ ജില്ലാ പൊലീസിന് സമാന രീതിയില്‍ മറുപടി നല്‍കിയിരിക്കുകയാണ് കേരള പൊലീസ്. ആദ്യ രണ്ട് മത്സരങ്ങളിലും മിന്നുന്ന ജയം സ്വന്തമാക്കിയ ഇന്ത്യയെ പ്രശംസിച്ചും സ്വന്തം ടീമിനെ ചുളുവിൽ വിമർശിച്ചും ന്യൂസിലൻഡ് പൊലീസ് പോസ്റ്റ് ചെയ്ത ട്രോളിന് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. അതിന് പിന്നാലെയാണ് ട്രോളുമായി കേരളാ പോലീസും എത്തിയത്.