അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന ‘നാന്‍ പെറ്റ മകന്‍’; ഫസ്റ്റ് ലുക്ക് പുറത്ത്

February 12, 2019

എറണാകുളം മഹാരാജാസ് കോളേജില്‍ കുത്തേറ്റു മരിച്ച അഭിമന്യു എന്ന എസ്എഫ്‌ഐ നേതാവിന്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ‘നാന്‍ പെറ്റ മകന്‍’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സജി പാലമേലാണ് സിനിമയുടെ സംവിധാനം. ചിത്രത്തിന്റെ രചനയും ഇദ്ദേഹം തന്നെയാണ് നിര്‍വ്വഹിക്കുന്നത്.

ബാലതാരമായി ചലച്ചിത്രരംഗത്തെത്തിയ മിനോണ്‍ ജോണ്‍ ആണ് വെള്ളിത്തിരയില്‍ അഭിമന്യു എന്ന കഥാപാത്രമായി വേഷമിടുന്നത്. 2012 ല്‍ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും മിനോണ്‍ നേടിയിട്ടുണ്ട്.

ശ്രീനിവാസനും ഇന്ദ്രന്‍സും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. സീമ ജി നായരാണ് ‘നാന്‍ പെറ്റ മകന്‍’ എന്ന ചിത്രത്തില്‍ അഭിമന്യുവിന്റെ അമ്മയായി വേഷമിടുന്നത്. റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മഹാരാജാസ് കോളേജിലും അഭിമന്യൂവിന്റെ നാടായ വട്ടവടയിലുമാണ് സിനിമയുടെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം.