വര്‍ഷങ്ങള്‍ക്ക് ശേഷം രജനീകാന്തും സന്തോഷ് ശിവനും വീണ്ടുമൊന്നിക്കുന്നു

February 11, 2019

ദളപതി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം രജനീകാന്തും സന്തോഷ് ശിവനും വീണ്ടും ഒന്നിക്കുന്നു. 27 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുവരും വീണ്ടുമൊന്നിക്കുന്നത്. 1991 ലായിരുന്നു സന്തോഷ് ശിവനും രജനീകാന്തും ‘ദളപതി’ എന്ന ചിത്രത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചത്.

ഏആര്‍ മുരുഗദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രശസ്ത സിനിമാറ്റോഗ്രാഫറായ സന്തോഷ് ശിവനും സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തും വീണ്ടുമൊന്നിക്കുന്നത്. എന്നാല്‍ ചിത്രത്തിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

സന്തോഷ് ശിവന്‍ തന്നെയാണ് സ്‌റ്റൈല്‍ മന്നനൊപ്പം വീണ്ടും ഒരുമിച്ചെത്തുന്നു എന്ന വിശേഷം ആരാധകരുമായി പങ്കുവെച്ചത്. ‘ദളപതിക്ക് ശേഷം രജനി സാറുമായി ഒന്നിച്ച് വര്‍ക്ക് ചെയ്യുന്നതില്‍ അതിയായി സന്തോഷിക്കുന്നു’. എന്ന് സന്തോഷ് ശിവന്‍ ട്വിറ്ററില്‍ കുറിച്ചു.