റിലീസിന് മുമ്പേ പ്രേക്ഷക ശ്രദ്ധ നേടി ‘വാരിക്കുഴിയിലെ കൊലപാതകം’: മേയ്ക്കിങ് വീഡിയോ

February 11, 2019

ദിലീഷ് പോത്തന്‍ മുഖ്യകഥാപാത്രമായെത്തുന്ന പുതിയചിത്രമാണ് ‘വാരികുഴിയിലെ കൊലപാതകം. ഈ മാസം 22 നാണ് ചിത്രം തീയറ്ററുകളിലെത്തുക. ‘ലാല്‍ ബഹദൂര്‍ ശാസ്ത്രി’ക്ക് ശേഷംരാജേഷ് മിഥില സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നചിത്രമാണ് ‘വാരികുഴിയിലെ കൊലപാതകം’. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറുമെല്ലാം മികച്ച പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിന്റെ മെയ്ക്കിങ് വീഡിയോ.

ചിത്രത്തില്‍ ദിലീപ് പോത്തനോടൊപ്പം അമിത് ചക്കാലക്കല്‍, ലാല്‍, ഷമ്മി തിലകന്‍, സുധീ കോപ്പ, നെടുമുടി വേണു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

സംഗീത സംവിധായകന്‍ മെജോ ജോസഫിന്റെ സംഗീതത്തില്‍ ഒരുങ്ങുന്ന ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ബാഹുബലിയുടെ സംഗീത സംവിധായകനായഎം എം കീരവാണി, ശ്രേയാ ഘോഷാല്‍, വൈഷണവ് എന്നിവര്‍ ചേര്‍ന്നാണ്. ടെയ്ക്ക് വണ്‍ എന്റര്‍ടൈമെന്റസ് ബാനറില്‍ ഷിബു ദേവദത്ത് സുജിഷ് കൊളോത്തൊടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ എന്ന ചിത്രത്തില്‍ മണിയന്‍പിള്ള രാജു അഭിനയിച്ച ഹിച്ച്‌കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രം മമ്മൂട്ടിയോട് പറയുന്ന ഡിക്ടറ്റീവ് നോവലാണ് ‘വാരിക്കുഴിയിലെ കൊലപാതകം’. തന്റെ ഡിക്ടറ്റീവ് നോവല്‍ സിനിമയാക്കാനായി വണ്ടി കയറിയ ഹിച്ച് കോക്കെന്ന കഥാപാത്രത്തിന്റെ സ്വപ്നം 27 വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണമാകുന്നുവെന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്.