ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദൻ വര്‍ധമാനെ പാക്കിസ്ഥാൻ ഇന്ന് ഇന്ത്യക്ക് കൈമാറും..

March 1, 2019

പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദൻ  വര്‍ധമാനെ ഇന്ന് വിട്ടയക്കും. പാകിസ്താന്റെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് ഇക്കാര്യം അറിയിച്ചത്. ലോകരാജ്യങ്ങളെയുപയോഗിച്ച് പാകിസ്ഥാന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചതാണ് ഇത്തരത്തിലൊരു നിലപാട് എടുക്കാൻ പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്.

ചൈനയും സൗദി അറേബ്യയും സൈനിക നടപടിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും സംയമനം പാലിക്കണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടതും പാകിസ്ഥാന്‍ വിങ്ങ് കമാൻ‍ഡർ അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ മോചനമെന്ന തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ കാരണമായെന്നാണ് വിലയിരുത്തുന്നത്.

അതേസമയം അഭിനന്ദന്റേതെന്ന് സംശയിക്കുന്ന വീഡിയോകൾ യൂട്യൂബിൽ നിന്നും നീക്കം ചെയ്യാൻ ഐ ടി മന്ത്രാലയം ആവശ്യപ്പെട്ടു. പതിനൊന്നോളം വീഡിയോകളാണ്  അഭിനന്ദന്റേതായി പുറത്തിറങ്ങിയിരിക്കുന്നത്.