താന്‍ കണ്ട ഏറ്റവും മികച്ച മലയാള ചിത്രം ‘സുഡാനി ഫ്രം നൈജീരിയ’യാണെന്ന് ഫഹദ് ഫാസില്‍

March 2, 2019

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല മലയാള ചലച്ചിത്രം ‘സുഡാനി ഫ്രം നൈജീരിയ’ ആണെന്ന് മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസില്‍. ‘ഇനു’ എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഫഹദ്. ആമിര്‍ പള്ളിക്കലാണ് ‘ഇനു’ വിന്റെ സംവിധായകന്‍. പെറ്റ് തെറാപ്പി പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ഹ്രസ്വചിത്രമാണ് ‘ഇനു’. മനുഷ്യരോട് വേഗത്തില്‍ ഇണങ്ങുന്ന വളര്‍ത്തുമൃഗങ്ങളെ ഉപയോഗിച്ച് മാനസീക രോഗികളെ പരിചരിക്കുന്ന ചികിത്സാ രീതിയാണ് പെറ്റ് തെറാപ്പി എന്ന് അറിയപ്പെടുന്നത്. മൂവ്യൂ ബ്രിഡ്ജിന്റെ ബാനറില്‍ സിയാസ് മീഡിയ സ്‌കൂളാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രം പുരസ്‌കാര നിറവിലാണ്. കേരള സംസ്ഥാന അവാര്‍ഡുകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ ‘സുഡാനി ഫ്രം നൈജീരിയ’ സ്വന്തമാക്കി. ജനപ്രീയ ചിത്രം ഉള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങളാണ് ഈ ചിത്രത്തിന് ലഭിച്ചത്.

സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സൗബിന്‍ സാഹിറിനെ തേടിയെത്തി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കിയത് ഈ ചിത്രംതന്നെ. സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകനായ സക്കരിയ മുഹമ്മദാണ് മികച്ച നവാഗത സംവിധായകന്‍. ചിത്രത്തിലെ അഭിനയത്തിന് സാവിത്രി ശ്രീധരനും സരസ ബാലുശേരിക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചു.

Read more:പ്രഭുദേവയ്ക്കു മുമ്പില്‍ അനുസരണയോടെ ധനുഷും സായി പല്ലവിയും; റൗഡി ബേബിയുെട മെയ്ക്കിങ് വീഡിയോ

സൗബിന്‍ സാഹിര്‍ നായകനായി എത്തിയ ആദ്യ മലയാള സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. പ്രമേയം കൊണ്ട് തന്നെ ഈ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രായഭേദമന്യേ ആരുടേയും ഇഷ്ടം പിടിച്ചുപറ്റുന്ന സുഡു എന്ന കഥാപാത്രം മലയളികള്‍ക്ക് അത്ര എളുപ്പത്തില്‍ മറക്കാനാവില്ല. മലയാള സിനിമാ ആസ്വാദകരുടെ മനസില്‍ കണ്ണീരിന്റെ ഒരല്പം നനവ് ബാക്കി വെച്ചാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍ നൈജീരിയിലേക്ക് മടങ്ങിയത്. ‘സുഡുമോന്‍’ എന്ന ഓമനപ്പേരിലാണ് ഈ നൈജീരിയന്‍ താരം ഇന്നും മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്

സക്കരിയ മുഹമ്മദും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചിത്രത്തിന്റെ നിര്‍മ്മാണം. ഇതിനോടകംതന്നെ നിരവധി പുരസ്‌കാരങ്ങള്‍ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തെ തേടിയെത്തിയിട്ടുണ്ട്.