തരംഗമായി റൗഡി ബേബിയുടെ എംജിആർ വേർഷനും; വീഡിയോ ഏറ്റെടുത്ത് ആരാധകർ

March 10, 2019

തെന്നിന്ത്യയിലെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഗാനമെന്ന റെക്കോർഡ് കരസ്ഥമാക്കിയ ഗാനമാണ് മാരി – 2 ലെ റൗഡി ബേബി.  ഇരുപത്തൊൻപത് കോടിയിലധികം കാഴ്ചക്കാരുമായാണ് ഈ ഗാനം ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഗാനമെന്ന റെക്കോർഡ് നേടുന്നത്. യുവാൻ ശങ്കർ രാജയുടെ സംഗീതത്തിന് പ്രഭുദേവയുടെ കൊറിയോഗ്രാഫിയിൽ, ധനുഷും സായി പല്ലവിയും ചേർന്ന് തകർപ്പൻ നൃത്തച്ചുവടുകളുമായി എത്തിയ ഗാനമാണ് റൗഡി ബേബി.

അതേസമയം റൗഡി ബേബിക്ക് ചുവടുവെച്ചെത്തിയ എം ജി ആർ വേർഷനും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. എം ജി ആർ സിനിമകളിലെ നൃത്തരംഗങ്ങൾ കോർത്തിണക്കികൊണ്ട് തയാറാക്കിയ എം ജി ആർ റീമിക്സ് ഒരാഴ്ച്ച പിന്നിടുമ്പോൾ പതിനാറ് ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.

ഈ ഗാനത്തിലെ സായി പല്ലവിയുടെ നൃത്തത്തെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ ട്രെന്റിങ്ങില്‍ ഒന്നാമതെത്തിയ ഗാനമാണ് റൗഡി ബേബി. ധനുഷും ദീയും ചേര്‍ന്നാണ് റൗഡി ബേബി ഗാനത്തിന്റെ ആലാപനം. ധനുഷിന്റേതു തന്നെയാണ് ഗാനത്തിലെ വരികളും. യുവാന്‍ ശങ്കര്‍ രാജയാണ് ഈണം പകര്‍ന്നിരിക്കുന്നത്.

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ‘മാരി 2’. ധനുഷിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘മാരി’യുടെ രണ്ടാം ഭാഗമാണ് ‘മാരി 2’. വില്ലന്‍ കഥാപാത്രമായി മലയാളത്തിന്റെ പ്രിയ താരം ടൊവിനോ തോമസും ചിത്രത്തിലെത്തിയിരുന്നു. ചിത്രത്തിനുവേണ്ടിയുള്ള ടൊവിനോ തോമസിന്റെ മേയ്ക്ക് ഓവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ബീജ’ എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ നായികയായി എത്തിയത് സായി പല്ലവിയാണ്. ‘അറാത് ആനന്ദി’ എന്നാണ് സായ് പല്ലവി അവതരിപ്പിച്ച നായികാ കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറായാണ് സായി ചിത്രത്തിലെത്തുന്നത്