നാളെ മുതല്‍ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം
ഏപ്രില്‍ മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നു. ഏപ്രില്‍ ഒന്നു മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. ഇതുപ്രകാരം ഹോളോഗ്രാം പതിപ്പിച്ച നമ്പര്‍ പ്ലേറ്റുകളായിരിക്കും വാഹന നിര്‍മ്മാതാക്കള്‍ നല്‍കുക. ഡീലര്‍മാര്‍ക്കാണ് നമ്പര്‍ പ്ലേറ്റ് വാഹനത്തില്‍ ഘടിപ്പിക്കേണ്ട ചുമതല. പുതിയ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനവും മോട്ടോര്‍ വകുപ്പ് നേരത്തെ പുറത്തിറക്കിയിരുന്നു.
പുതിയ നിയമപ്രകാരം വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് നമ്പര്‍ നല്‍കും. ഇത് നമ്പര്‍ പ്ലേറ്റില്‍ ഡീലര്‍മാരാണ് പതിപ്പിക്കേണ്ടത്. നമ്പര്‍ പ്ലേറ്റ് നിര്‍മ്മിക്കാന്‍ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തെ വാഹന നിര്‍മ്മാതാവിനു സമീപിക്കാം. എന്നാല്‍ പഴയ വാഹനങ്ങള്‍ക്ക് പുതിയ നിബന്ധന ബാധകമല്ല. എങ്കിലും ആവശ്യമാണെങ്കില്‍ പഴയ വാഹനത്തിലും അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുന്നതില്‍ തടസമില്ല. ഹോളോഗ്രാം മുദ്രയാണ് പുതിയ നമ്പര്‍ പ്ലേറ്റിന്റെ മുഖ്യ ആകര്‍ഷണവും. അതേസമയം വാഹനത്തിന്റെ ഒര്‍ജിനല്‍ രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ നമ്പര്‍ പ്ലേറ്റുകള്‍ വാഹന ഉടമയ്ക്ക് ലഭ്യമാവുകയുള്ളൂ.
Read more:കൊടുംചൂടില്‍ ക്ഷീണമകറ്റാന്‍ ശീലമാക്കാം ഉപ്പിട്ട നാരങ്ങാവെള്ളം
പുതിയ നമ്പര്‍ പ്ലേറ്റിനൊപ്പം രജിസ്ട്രേഷന് നമ്പര്‍, എന്ജിന്, ഷാസി നമ്പറുകള്‍ എന്നിവ രേഖപ്പെടുത്തിയ സ്റ്റിക്കറും വാഹനങ്ങളുടെ മുന്‍വശത്തെ ഗ്ലാസില്‍ സ്ഥാപിക്കും. ഇത് ഇളക്കിമാറ്റാനോ തിരുത്താനോ സാധിക്കില്ല. അതുപോലെതന്നെ സ്ക്രൂവിനു പകരം ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന റിവെറ്റ് തറച്ചാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുക. അതിനാല്‍ ഇളക്കിമാറ്റാന്‍ ശ്രമിച്ചാല്‍ തകരാറ് സംഭവിക്കും. വാഹനങ്ങളുടെ മുന്‍വശത്തെ ഗ്ലാസില്‍ പതിപ്പിക്കുന്ന സ്റ്റിക്കറും ഇളക്കിമാറ്റാന്‍ സാധിക്കില്ല. ഇങ്ങനെ മാറ്റിയാല്‍ വാഹനങ്ങളുടെ ഗ്ലാസ് തന്നെ മാറ്റേണ്ടി വരും. പുതിയ സംവിധാനം പ്രാബല്യത്തിലാവുന്നതോടെ നമ്പര്‍ പ്ലേറ്റുകള്‍ക്ക് ഏകീകൃത സ്വഭാവം നിലവില്‍ വരും.