കാട്ടാളൻ പൊറിഞ്ചുവിനൊപ്പം ശ്രദ്ധ നേടി ആലപ്പാട്ട് മറിയവും; നൈലയുടെ മേക്ക് ഓവറിൽ ഞെട്ടി ആരാധകർ

March 10, 2019

പേരുകേട്ടപ്പോൾ മുതൽ ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ്  പൊറിഞ്ചു മറിയം ജോസ്’. മലയാളികളുടെ പ്രിയപ്പെട്ട ചെമ്പന്‍ വിനോദും ജോജു ജോര്‍ജും ഒരുമിച്ചെത്തുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്’. പേരില്‍തന്നെ ഒരല്പം കൗതുകം ഒളിപ്പിച്ചുകൊണ്ടാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നൈല ഉഷയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്ററുകൾക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു.  കാട്ടാളന്‍ പൊറിഞ്ചുവായാണ് ചിത്രത്തില്‍ ജോജു ജോര്‍ജ് എത്തുന്നത്. സമൂഹ മാധ്യമങ്ങളിൽ തരംഗമായ ജോജുവിന്റെ ക്യാരക്റ്റർ പോസ്റ്ററിനൊപ്പം ഏറെ കൗതുകമുണർത്തി മറ്റൊരു പോസ്റ്ററുകൂടി   എത്തിയിരിക്കുകാണ്. ആലപ്പാട്ട് മറിയം എന്ന കഥാപാത്രമായെത്തുന്ന നൈല ഉഷയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് വീണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ജോസഫ് എന്ന ചിത്രത്തിനുശേഷം ജോജു നായകനായി എത്തുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലാണ് നൈല ഉഷ അവസാനമായി അഭിനയിച്ചത്. ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രമാണ് ചെമ്പന്‍ വിനോദിന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.

Read more: ചാക്കോച്ചിയും ജൂനിയർ ചാക്കോച്ചിയും വെള്ളിത്തിരയിൽ ഒന്നിക്കുന്നു ; ‘ലേലം 2’ ഉടൻ

അതേസമയം മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയതിന്റെ നിറവിലാണ് ജോജു. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തെ തേടി പുരസ്‌കാരമെത്തിയത്. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ‘ജോസഫ്’. ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോര്‍ജ് നായകനായി എത്തിയ ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.