അല്പം കരുതലോടെ ഇരുന്നാൽ ചെറുക്കാം വേനൽക്കാല രോഗങ്ങളെ

March 27, 2019

ചൂട് കൂടുന്നു…  പലവിധത്തിലുള്ള അസുഖങ്ങളും കൂടിക്കൂടിവരുന്നു. ആഹാരമുൾപ്പെടെയുള്ള ജീവിതശൈലികളിൽ അൽപമൊന്ന് ശ്രദ്ധിച്ചാൽ അത് ഒരുപരിധി അസുഖങ്ങളെ ഇല്ലാതാക്കും. ചില വേനൽക്കാല രോഗങ്ങൾ മരണം വരെ സംഭവിക്കുന്നതിന് കാരണമായേക്കാം അതുകൊണ്ടുതന്നെ കരുതലോടെ വേണം ഓരോ ചുവടും മുന്നോട്ട് വയ്ക്കാൻ.

ഈ ദിവസങ്ങളിൽ ധാരാളം വെള്ളം കുടിക്കുക എന്നതാണ് ആദ്യമായി വേണ്ടത്. വെള്ളം കുടിക്കുന്നതിന്റെ കുറവ് പലവിധ രോഗങ്ങളെയും ക്ഷണിച്ച് വരുത്തും. ഇതില്‍ ഏറ്റവും പ്രധാനമാണ് മൂത്രാശയ രോഗങ്ങള്‍, വൃക്കത്തകരാറുകള്‍ എന്നിവ.

അതുപോലെത്തന്നെ ഈ ദിവസങ്ങളിൽ ത്വക്ക് രോഗങ്ങൾ ഉണ്ടാകാനും ഏറെ സാധ്യതയുണ്ട്. ചൂട് കൂടുന്നതനുസരിച്ച് ശരീരം അമിതമായി വിയർക്കും. ഇത് ശരീരത്തിൽ അടിഞ്ഞുകൂടുന്നതോടെ നിരവധി രോഗങ്ങൾക്ക് കാരണമാകും. രാവിലെയും വൈകിട്ടുമുള്ള കുളി ഉറപ്പുവരുത്തുന്നത് ഇത്തരം രോഗങ്ങളെ ഒരു പരിധി വരെ തടഞ്ഞു നിർത്തും. സോപ്പ് ഉപയോഗിക്കാതെ ചെറുപയര്‍പൊടിയോ തേച്ച് കുളിക്കുന്നതാണ് നല്ലതാണ്. വിയര്‍പ്പ് കുരുവിന് പച്ചരിമാവ് വെള്ളത്തില്‍ ചാലിച്ച് ദേഹമാസകലം തേച്ച് പിടിപ്പിച്ച് ദിവസവും കുളിക്കുന്നത് കുരുവിന്റെ ആധിക്യം കുറയ്ക്കാന്‍ സാധിക്കും. ശരീരത്തിന്റെ ശുചിത്വമാണ് ഈ ദിവസങ്ങളിൽ ഉറപ്പുവരുത്തേണ്ട കാര്യം.

Read also: പേടിക്കണം ചൂടിനെ; ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ ഇങ്ങനെ

പകൽ സമയത്ത് പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി എന്നിവ നിർബന്ധമായും കൈയ്യിൽ കരുതണം. ഇളം കളറുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഈ ദിവസങ്ങളിൽ ഏറ്റവും അനുയോജ്യം. എപ്പോഴും കയ്യിൽ തിളപ്പിച്ചാറ്റിയ വെള്ളം കരുതണം. പുറത്തുനിന്നുള്ള ഭക്ഷണങ്ങളും പാനീയങ്ങളും മാക്‌സിമം ഒഴിവാക്കാൻ ശ്രദ്ധിക്കണം. അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തുനിന്ന് ഭക്ഷണം കഴിക്കേണ്ടി വന്നാൽ ശുചിത്വം ഉറപ്പുവരുത്തിയ ശേഷം മാത്രം ഭക്ഷണം കഴിക്കുക. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ഈ ദിവസങ്ങളിൽ സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാൽ സൂര്യനുമായി നേരിട്ട് ഉള്ള സമ്പർക്കം ഒഴിവാക്കണം.