ഗർഭകാലത്ത് അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

March 19, 2019

സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പരിചരണവും ശ്രദ്ധയും നൽകേണ്ട സമയമാണ് ഗർഭകാലം. ഗർഭം ധരിക്കപ്പെടുന്നതു മുതൽ സ്ത്രീ ഒരാളല്ല, രണ്ടാളാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ഭക്ഷണം മുതൽ ഉറക്കം വരെ എല്ലാ കാര്യങ്ങളിലും ഏറ്റവും ശ്രദ്ധ ചെലുത്തണം.

ഗർഭകാലത്ത് അമ്മ സന്തോഷവതിയായി ഇരുന്നാൽ മാത്രമേ, ആരോഗ്യമുള്ള  കുട്ടിയ്ക്ക് ജന്മം നല്കാൻ സാധിക്കൂ. അതുപോലെ ഗർഭിണി ആയിരിക്കുമ്പോൾ അമ്മ ചെയ്യുന്ന ഓരോ കാര്യങ്ങളും കുട്ടികളുടെ വളർച്ചയിലും പ്രധാന ഘടകമാകാറുണ്ട്. അതുകൊണ്ടുതന്നെ ഗർഭിണികൾ എപ്പോഴും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ ശ്രദ്ധിക്കണം. ഗർഭകാലത്ത്‌ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ ഏറെയാണ് അതുകൊണ്ടുതന്നെ അതീവ ശ്രദ്ധയോടെ വേണം സ്ത്രീകൾ ഓരോ കാര്യങ്ങളും ചെയ്യാൻ.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് കഴിക്കുന്ന ഭക്ഷണമാണ്. ഈ സമയങ്ങളിൽ ഏറ്റവും ആരോഗ്യഗുണമുള്ള, പോഷകാഹാരം കഴിക്കണം. പയർ വർഗങ്ങൾ, പഴവർഗങ്ങൾ, നട്‌സ് തുടങ്ങി ഓരോ ഭക്ഷണം കഴിക്കുമ്പോഴും അത് ശരീരത്തിനും ആരോഗ്യത്തിനും ഏറ്റവും മികച്ചതെന്ന് ഉറപ്പുവരുത്തണം.

ചൂടുകാലത്താണ് ഗർഭിണികളിൽ ഏറ്റവുമധികം അസ്വസ്ഥതകൾ ഉണ്ടാകാറുള്ളത്. അമ്മയിൽ ഉണ്ടാകുന്ന ആസ്വസ്ഥതകൾ കുട്ടികളെയും ബാധിക്കുമെന്നതിനാൽ ചൂട് കാലത്ത് സ്ത്രീകൾ ഏറ്റവും ശ്രദ്ധ ചെലുത്തണം. വസ്ത്രധാരണത്തിലും ഭക്ഷണത്തിലുമെല്ലാം ഉത്തമമെന്ന് കരുതുന്നത് മാത്രം ചെയ്യുക. ഇറുകിയ കടും കളർ വസ്ത്രങ്ങൾക്ക് പകരം അയഞ്ഞ ലൈറ്റ് കളർ വസ്ത്രങ്ങൾ ഈ ദിവസങ്ങളിൽ ധരിക്കാൻ ശ്രദ്ധിക്കണം.

Read more: പാലിലെ മായം തിരിച്ചറിയാൻ ചില എളുപ്പ വഴികൾ…

സ്ഥിരമായി ചായയും കാപ്പിയും കുടിക്കുന്നവരാണെങ്കിൽ അതിന് പകരം ജ്യൂസുകൾ കുടിക്കണം. ആപ്പിൾ, മുന്തിരി, ബീറ്റ്‌റൂട്ട്, പേരയ്ക്ക മുതലായ ജ്യൂസുകളാണ് ഏറ്റവും നല്ലത്. അതുപോലെ വെള്ളം കുടി നിർബന്ധമാക്കണം. ഗർഭകാലത്ത് യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യത കൂടുതലായതിനാൽ വെള്ളം എപ്പോഴും കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളമാണ് ഏറ്റവും നല്ലത്.

ഗർഭകാലത്ത് ശ്രദ്ധിക്കണ്ടേ കാര്യങ്ങൾ

  1. നന്നായി ഉറങ്ങുക
  2. ഭക്ഷണം കൃത്യസമയത്ത് കഴിക്കുക
  3. വ്യായാമം ഉറപ്പുവരുത്തുക
  4. ചെക്കപ്പുകൾ കൃത്യമായി നടത്തുക
  5. സന്തോഷത്തോടെ ഇരിക്കാൻ ശ്രദ്ധിക്കുക