ശ്രദ്ധ കപൂറിന് വേറിട്ടൊരു പിറന്നാള്‍ ആശംസകളുമായ് ‘സഹോ’ ടീം

March 3, 2019

ബോളിവുഡ് താരം ശ്രദ്ധ കപൂറിന് വേറിട്ടൊരു പിറന്നാള്‍ സമ്മാനം നല്‍കിയിരിക്കുകയാണ് ‘സഹോ’ ടീം. സിനിമാലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘സഹോ’. ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ മെയ്ക്കിങ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സഹോയിലെ ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള മെയ്ക്കിങ് വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ശ്രദ്ധ കപൂറിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങിയിരുന്നു. ‘ആകാംഷയോടെ കാത്തിരുന്ന നിമിഷം’ എന്ന അടിക്കുറുപ്പോടുകൂടിയാണ് ടീസര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 15ന് തീയറ്ററുകളിലെത്തും. ശ്രദ്ധ കപൂറിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന മെയ്ക്കിങ് വീഡിയോയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

‘റണ്‍ രാജ റണ്‍’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത് സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിനു പുറമെ മറ്റ് ഭാഷകളിലും തീയറ്ററുകളിലെത്തും. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് ചിത്രം ഒരുക്കുന്നത്. വിഎം ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read more:രാജീവ് രവി- നിവിന്‍ പോളി കൂട്ടുകെട്ടില്‍ ‘തുറുമുഖം’ ഒരുങ്ങുന്നു

300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് സഹോ.  നീല്‍ നിതിന്‍ മുകേഷ്, ജാക്കി ഷ്രോഫ്, മഹേഷ് മഞ്ജുരേക്കര്‍ എന്നിവരും സഹോയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

തെലുങ്ക് ചലച്ചിത്രരംഗത്തെ താരമായിരുന്ന പ്രഭാസ് ‘ബാഹുബലി’ എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്തെ വെള്ളിനക്ഷത്രമായി. 2002 ല്‍ പുറത്തിറങ്ങിയ ‘ഈശ്വര്‍’ എന്ന ചിത്രത്തിലൂടെ ആയിരിന്നു പ്രഭാസിന്റെ സിനിമാരംഗത്തേക്കുള്ള അരങ്ങേറ്റം. ‘വര്‍ഷം’, ‘ഛത്രപതി’, ‘ചക്രം’, ‘ബില്ല’, ‘മിസ്റ്റര്‍ പെര്‍ഫെക്റ്റ്’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച പ്രഭാസിന് ഏറെ ആരാധകരുമുണ്ട്. അഭിനയമികവുകൊണ്ട് തന്നെ പ്രഭാസിന്റെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കാറാണ് പതിവ്.