ഭയാനക മുഹൂർത്തങ്ങളുമായി ‘ആകാശഗംഗ 2’ എത്തുന്നു; പ്രധാന കഥാപാത്രമായി രമ്യ കൃഷ്ണനും
ഭയാനകമായ മുഹൂർത്തങ്ങളുടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ ചിത്രമാണ് ആകാശഗംഗ. 1999 ൽ പുറത്തിറങ്ങിയ വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ മുഖ്യ കഥാപാത്രമായി എത്തിയത് ഒരു കാലത്ത് മലയാള സിനിമയിലെ പ്രിയപ്പെട്ട നായികയായ ദിവ്യ ഉണ്ണിയായിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത ചിത്രത്തിന്റെ സംവിധായകൻ വിനയൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അടുത്തിടെ പുറത്തുവിട്ടത്.150 ദിവസത്തോളം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ് ‘ആകാശംഗംഗ’. ആകാശഗംഗ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്നറിഞ്ഞതുമുതൽ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം അടുത്ത ഓണത്തിന് മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.
ഈ മാസം ആകാശ ഗംഗയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകൻ നേരത്തെ അറിയിച്ചിരുന്നു. അതിനുശേഷം മോഹന്‍ലാല്‍ ചിത്രത്തിന്റെ പണിപ്പുരയിലേക്കു പ്രവേശിക്കുമെന്നും വിനയന് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ആകാശഗംഗയുടെ രണ്ടാം ഭാഗത്തിനുവേണ്ടി 17 നും 22 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ അന്വേഷിച്ചുകൊണ്ടുള്ള കാസ്റ്റിംഗ് കോളുകളൂം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു.
എന്നാൽ ചിത്രത്തിൽ മുഖ്യകഥാപാത്രമായി രമ്യ കൃഷ്ണൻ എത്തുന്നുവെന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. നിരവധി ശക്തമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധേയമായ താരമാണ് രമ്യ കൃഷ്ണൻ. അതേസമയം ആകാശഗംഗ 2 വിൽ താരം അവതരിപ്പിക്കുന്നത് ഏത് കഥാപാത്രമാണെന്നുള്ളത് വ്യക്തമല്ല.ചിത്രത്തിൽ ആസിഫ് അലി, സിദ്ധിഖ്, പ്രവീണ, സലിം കുമാർ, വിഷ്ണു വിനയ്, ഹരീഷ് കണാരൻ, ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ് ആരതി എന്നിവരും എത്തുന്നുണ്ട്.
Read also: ‘പതിനെട്ടാം പടി’ കയറാൻ മമ്മൂക്കയ്ക്കൊപ്പം ഇനി ഇവരും ഉണ്ടാകും..
മലയാളത്തിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളുമായി തിരക്കുള്ള നായികയാണ് രമ്യ കൃഷ്ണൻ.തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ജയലളിതയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരമിപ്പോൾ.