‘ലൂസിഫറി’ലെ ഖുറേഷി അബ്രാമിനെക്കുറിച്ച് ഇനിയുമറിയണോ…? വീഡിയോ പങ്കുവെച്ച് പൃഥ്വിരാജ്

April 25, 2019

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘ലൂസിഫര്‍’. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന, മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭം. ലൂസിഫറിനെ ഇങ്ങനെ പരിചയപ്പെടുത്തുന്നതാവും ഏറ്റവും ഉചിതം. ചിത്രത്തിലെ ഓരോ രംഗങ്ങള്‍ക്കും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ബോക്‌സ് ഓഫീസ് കളക്ഷനിലും ഏറെ മുന്നിലായാണ് ലൂസിഫറിന്റെ കുതിപ്പ്.

സ്റ്റീഫന്‍ നെടുംമ്പള്ളി എന്ന കഥാപാത്രത്തില്‍ നിന്നും സിനിമയുടെ അവസാനം ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിലാണ് ‘ലൂസിഫര്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിനില്‍ക്കുന്നത്. നിഗൂഢതകള്‍ നിറഞ്ഞ ഖുറേഷി അബ്രാമിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജ്. എന്തൊക്കെയാണ് ഖുറേഷി അബ്രാം എന്നു വെളിപ്പെടുത്തുകയാണ് ഈ വീഡിയോയിലൂടെ.

ന്യൂയോര്‍ക്ക് ടൈസും ഗാര്‍ഡിയനുമടക്കമുള്ള പത്രങ്ങളില്‍ ഖുറേഷി അബ്രാമിനെക്കുറിച്ചും അയാളുടെ സംഘത്തെക്കുറിച്ചും പ്രത്യക്ഷപ്പെട്ട വാര്‍ത്തകളിലൂടെയാണ് അബ്രാം ഖുറേഷിയെ സംവിധായകന്‍ വെളിപ്പെടുത്തുന്നത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും പിടി കൊടുക്കാതെ മുന്നേറുന്ന, മയക്കു മരുന്ന് മാഫിയകള്‍ക്ക് ഭീതി പടര്‍ത്തുന്ന കഥാപാത്രമായിട്ടാണ് ഖുറേഷി അബ്രാമിനെ വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പശ്ചാത്തലത്തില്‍ ഉഷാ ഉതുപ്പ് ആലപിച്ച ലൂസിഫര്‍ ആന്തവും.

മാര്‍ച്ച് 28 നാണ് ലൂസിഫര്‍ തീയറ്ററുകളിലെത്തിയത്. ചരിത്രം കുറിച്ചുകൊണ്ടുതന്നെയായിരുന്നു ചിത്രത്തിന്റെ റിലീസ്. മികച്ച ഒരു സസ്‌പെന്‍സ് ത്രില്ലറാണ് ലൂസിഫര്‍. ജനനേതാവായ പി കെ ആര്‍ എന്ന പി കെ രാംദാസിന്റെ മരണത്തില്‍ നിന്നുമാണ് ചിത്രത്തിന്റെ ആരംഭം. പി കെ ആറിന്റെമരണത്തെ മുതലെടുക്കുന്ന ഒരുകൂട്ടരിലൂടെയും അവര്‍ക്കെതിരെ പോരാടുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയിലൂടെയുമാണ് തുടര്‍ന്നുള്ള ചിത്രത്തിന്റെ പ്രയാണം.

Read more:യമണ്ടന്‍ ചിരി മേളവുമായി ‘ഒരു യമണ്ടന്‍ പ്രേമകഥ’ തീയറ്ററുകളിലേക്ക്

ആവേശം നിറയ്ക്കുന്ന സീനുകളും മരണമാസ് ഡയലോഗുകളുമായി ചിത്രത്തിന്റെ ആരംഭം മുതല്‍ അവസാനം വരെ ആരാധകരെ തിയേറ്ററുകളില്‍ പിടിച്ചിരുത്തുന്ന സിനിമയാണ് ലൂസിഫര്‍. അഭിനയത്തില്‍ വിസ്മയം സൃഷ്ടിക്കുന്ന മോഹന്‍ലാല്‍ എന്ന കലാകാരനെ മലയാളികള്‍ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ സമ്മാനിക്കാന്‍ പൃഥ്വിരാജിന് കഴിഞ്ഞു എന്നത് മാത്രമല്ല, ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും സംവിധായകന്‍ പുലര്‍ത്തിയ മികവ് അസാമാന്യമെന്ന് തന്നെയാണ് ചിത്രം കണ്ടിറങ്ങുന്നവരുടെ വിലയിരുത്തല്‍.

ചിത്രത്തില്‍ വില്ലനായി അവതരിച്ച വിവേക്ഒബ്‌റോയിയുടെ പ്രകടനവും, പി കെ ആറിന്റെ മകളും ശക്തയായ അമ്മയുമായി വെള്ളിത്തിരയില്‍ വിസ്മയം സൃഷ്ടിച്ച് മഞ്ജുവും, ജതിന്‍ രാംദാസ് എന്ന ശക്തനായ നേതാവായി ടോവിനോയും, കൊല്ലാനും വളര്‍ത്താനുമറിയാവുന്ന നേതാവായി സായ്കുമാറും, സത്യാന്വേഷകനായി എത്തിയ ഇന്ദ്രജിത്തുമടക്കം എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ കഥാപാത്രങ്ങളെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ദീപക് ദേവ് സംഗീതം പകര്‍ന്നിരിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.