തിരുവനന്തപുരത്തിന്റെ തനിമ വിളിച്ചോതി ‘പട്ടാഭിരാമൻ’; വൈറലായി മോഷൻ പോസ്റ്റർ

April 8, 2019

ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പട്ടാഭിരാമൻ. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ തിരുവനന്തപുരത്തിന്റെ തനിമ വിളിച്ചോതുന്ന രീതിയിലാണ് പോസ്റ്റർ തയാറാക്കിയിരിക്കുന്നത്. ആടുപുലിയാട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജയറാമും കണ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പട്ടാഭിരാമൻ.

ചിത്രത്തിൽ മൂന്ന് നായികമാർ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ജയറാമിനൊപ്പം ഷീലു എബ്രഹാം, ജനാർദ്ദനൻ, മിയ ജോർജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി, നന്ദു, സായികുമാർ, തമിഴ് നടൻ മഹീന്ദ്രൻ, പ്രജോദ് കലാഭവൻ, ഷംനാ കാസിം, പാർവതി നമ്പ്യാർ, ലെന, തെസ്‌നിഖാൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

അബ്ബാം മൂവീസിന്റെ ബാനറിൽ അബ്രാഹം മാത്യു നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് ദിനേശ് പള്ളത്താണ്. രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു.

അതേസമയം ജയറാമിന്റേതായി പുറത്തിറങ്ങിയ അവസാനചിത്രം ലോനപ്പന്റെ മാമ്മോദീസയാണ്. ലിയോ തദ്ദേവൂസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ചിത്രത്തില്‍ ഒരു സാധാരണക്കാരനായ നാട്ടിന്‍പുറത്തുകാരന്റെ വേഷത്തിലാണ് ജയറാം പ്രത്യക്ഷപ്പെടുന്നത്. വാച്ച് കടക്കാരനായ ലോനപ്പൻ എന്ന കഥാപാത്രമായാണ് ജയറാം ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്.

Read also: ‘എന്റെ മെത്തേഡ് വേറെയാണ്’; ആകാംഷനിറച്ച് അതിരന്റെ ട്രെയ്‌ലർ

ജയറാമിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ഗ്രാന്റ് ഫാദർ. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്രാന്റ് ഫാദർ. ചിത്രത്തിൽ മുത്തച്ഛനായാണ് ജയറാം വേഷമിടുന്നത്. ദിലീഷ് പോത്തൻ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന ചിത്രം ഒരു സാധാരണ കുടുംബത്തിലെ കൊച്ചുമകനും മുത്തച്ഛനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. ബഷീറിന്റെ പ്രേമലേഖനത്തിന് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.