ടിക്ക് ടോക്കിന് പിടിവീണു; പുതിയ നടപടിയുമായി കേന്ദ്ര സർക്കാർ

April 16, 2019

ജനങ്ങൾക്കിടയിൽ ഏറെ പരിചിതമായ ടിക് ടോക് വീഡിയോ ആപ്പ്, പ്‌ളേ സ്റ്റോറിൽ നിന്നും നീക്കം ചെയ്യാൻ കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ടിക്ക് ടോക്ക് ഡൗൺലോഡിങ്ങ് നിരോധിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രിൽ മൂന്നിന് മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ടിക് ടോക്ക് അധികൃതർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പക്ഷെ മദ്രാസ് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടിയുമായി കേന്ദ്രം രംഗത്തെത്തിയത്.

Read also: വിഷു ദിനത്തിൽ അട്ടപ്പാടിയിലെ കിടപ്പുരോഗികൾക്ക് കൈനീട്ടവുമായി സന്തോഷ് പണ്ഡിറ്റ്

ടിക് ടോക്ക് ജനങ്ങളുടെ ഭാഗമായിട്ട് കാലം കുറച്ചേറെയായി. നിരവധിപേരാണ് അനുദിനവും ടിക് ടോക്കില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത്. പ്രായത്തെപ്പോലും മറന്നുകൊണ്ടാണ് പലരും ടിക് ടോക്കില്‍ താരമാകുന്നതും. എന്നാല്‍ എന്തും ഏതും ടിക് ടോക്കില്‍ തരംഗമാക്കാന്‍ തുടങ്ങിയതോടെ ഉപയോക്താക്കളുടെ പ്രായപരിധിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ അധികൃതർ കൊണ്ടുവന്നിരുന്നു.

അടുത്തിടെ വരുത്തിയ മാറ്റങ്ങൾ പ്രകാരം 13 വയസില്‍ താഴെയുള്ളവര്‍ക്ക് ടിക് ടോക്കില്‍ പ്രൊഫൈല്‍ ആരംഭിക്കാനോ സന്ദേശങ്ങള്‍ അയയ്ക്കാനോ വീഡിയോ ആപ് ലോഡ്  ചെയ്യാനോ സാധിക്കില്ല. ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പുതിയ നടപടി.

അതേസമയം ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്റ്റ് പ്രകാരം നിയമലംഘനം നടത്തിയതിന്റെ പേരില്‍ കമ്മീഷന്‍ ടിക്ക് ടോക്കിന് 55 ലക്ഷം ഡോളര്‍ (ഏകദേശം39.14 കോടയിലധികം രൂപ) പിഴ ചുമത്തിയിട്ടുണ്ട്. കുട്ടികളുട സ്വകാര്യ സംരക്ഷിക്കുന്നതിനുള്ള നിയമം ടിക് ടോക്ക് കര്‍ശനമായി പാലിക്കണമെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്റ്റ് പ്രകാരം 13 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആപ്ലിക്കേഷനോ വെബ്‌സൈറ്റുകളോ ഉപയോഗിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം വേണം. എന്നാല്‍ ടിക് ടോക്ക് ആപ്ലിക്കേഷനില്‍ പലപ്പോഴും ഈ നിയമം ലംഘിക്കപ്പെടുന്നുണ്ട്. ഇതേതുടര്‍ന്നാണ് കമ്മീഷന്‍ പിഴ ചുമത്തിയതും പുതിയ നിര്‍ദ്ദേശം മുന്നേട്ടുവെച്ചതും.