മറക്കരുതേ, കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്; ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

May 29, 2019

സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പുകള്‍ നിര്‍ബന്ധമായും എടുക്കണമെന്ന് മുന്നറിയിപ്പ്. ആരോഗ്യവകുപ്പാണ് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം നിലവിലെ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയില്‍ മാത്രമായി പൂര്‍ണമായും കുത്തിവയ്പുകള്‍ എടുക്കാത്ത 25 കുട്ടികളും ഭാഗീകമായി മാത്രം കുത്തിവയ്പുകള്‍ എടുത്ത 325 കുട്ടികളും ഉണ്ടെന്ന് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി പി പ്രീത വ്യക്തമാക്കി.

കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്‌പ്പെടുത്തില്ലെങ്കില്‍ രോഗ സാധ്യത വര്‍ധിക്കാന്‍ ഇടയുണ്ട്. തിരുവനന്തപുരം ജില്ലയില്‍ മാത്രമായി ഈ വര്‍ഷം രണ്ട് കുട്ടികള്‍ക്ക് ഡിഫ്തീരിയയും 216 കുട്ടികള്‍ക്ക് അഞ്ചാം പനിയും 11 പേര്‍ക്ക് വില്ലന്‍ ചുമയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഡിഫ്തീരിയ ബാധിച്ച് എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി സംഖം പ്രാപിച്ച് വരികയാണ്. ഈ കുട്ടി പ്രതിരോധ കുത്തിവയ്പ് പൂര്‍ണ്ണമായും എടുത്തിരുന്നില്ല. ഇതും രോഗകാരണമായി.

Read more:വിജയ് സേതുപതി മലയാളചലച്ചിത്രത്തിന്റെ ഭാഗമായതിനെക്കുറിച്ച് ജയറാം

കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ് കൃത്യ സമയത്ത് എടുത്തില്ലെങ്കില്‍ ഡിഫ്തീരിയ, വില്ലന്‍ ചുമ, അഞ്ചാം പനി തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുമെന്നു ആരോഗ്യ വകുപ്പ് നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത മാതാപിതാക്കള്‍ എത്രയുംപെട്ടെന്നെന്ന് തന്നെ കുത്തിവയ്പ് നല്‍കാന്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും പ്രതിരോധ കുത്തിവയ്പുകള്‍ സൗജന്യമായി ലഭിക്കും.