മലയാള സിനിമയിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ഭാവന; വീഡിയോ

May 3, 2019

‘നമ്മള്‍’ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടിയാണ് ഭാവന. തന്മയത്തത്തോടെയുള്ള അഭിനയമികവുകൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയയായി. മലയാളത്തില്‍ മാത്രമല്ല കന്നഡയിലും തമിഴിലുമെല്ലാം ശ്രദ്ധേയയാണ് താരം. മലയാള സിനിമയില്‍ നിന്നും താല്‍കാലികമായി വിട്ടു നില്‍ക്കുന്ന ഭാവനയുടെ ചലച്ചിത്ര രംഗത്തേക്കുള്ള മടങ്ങിവരവ് ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. ഇപ്പോഴിതാ മലയാള സിനിമാ രംഗത്തേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് പറയുകയാണ് ഭാവന. റേഡിയോ സിറ്റി ഇന്ത്യയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

‘മലയാളത്തില്‍ നിന്നും നല്ല ഓഫറുകല്ള്‍ വരുന്നുണ്ട്. പക്ഷെ ആദം ജോണിന് ശേഷം ഞാന്‍ ഒരു പടവും കമ്മിറ്റ് ചെയ്തിട്ടില്ല. കന്നഡയില്‍ കമ്മിറ്റ് ചെയ്ത കുറച്ച് സിനിമകളുണ്ട്. അത് തീര്‍ത്തതിനു ശേഷം മാത്രമേ മലയാളത്തിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂ’ ഭാവന പറയുന്നു. ആരാധകരോട് എല്ലാവരോടും തനിക്ക് നന്ദിയുണ്ടെന്നും നേരിട്ട് കണ്ടിട്ടില്ലാത്തവര്‍ പോലും നല്‍കുന്ന സ്‌നേഹവും പിന്തുണയും വലുതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Read more:“നിപാ കാലത്ത് ഞാനും കോഴിക്കോട്”; ‘വൈറസ്’ സിനിമയ്ക്ക് ആശംസകളുമായി ഇര്‍ഫാന്‍ പത്താന്‍

അതേസമയം ’99’ എന്ന കന്നഡ സിനിമയാണ് ഭാവനയുടെ ഏറ്റവും പുതിയ ചിത്രം. തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ’96’ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് 99. തമിഴില്‍ വിജയ് സേതുപതിയും തൃഷയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ചിത്രത്തിന്റെ കന്നട റീമേക്കില്‍ ഭാവനയും ഗണേഷുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. 99 എന്ന ചിത്രത്തിലെ ഗാനങ്ങളും മികച്ച സ്വീകാര്യത നേടുന്നുണ്ട്.

പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലൂടെയായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള ഭാവനയുടെ അരങ്ങേറ്റം. മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം തന്നെ ഭാവന വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിഐഡി മൂസ, ക്രോണിക് ബാച്ചലര്‍, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്‍, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം.