നിർമ്മാതാവായി ദുൽഖർ; ആദ്യ ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാം

May 10, 2019

മലയാളത്തിന്റെ പ്രിയപ്പെട്ട കുഞ്ഞിക്ക, ദുൽഖർ സൽമാൻ മലയാളത്തിലും ഹിന്ദിയിലുമൊക്കെയായി തിരക്കുള്ള നടനായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ അഭിനയത്തിന് പുറമെ നിർമ്മാതാവിന്റെ വേഷമണിയാൻ ഒരുങ്ങുകയാണ് ദുൽഖർ സൽമാൻ. ആദ്യമായി ദുൽഖർ നിർമ്മിക്കുന്ന സിനിമയുടെ പൂജയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

പുതുമുഖങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് ചിത്രം നിർമിക്കുന്നത്. ആലുവയിൽ വച്ചു പൂജ നടന്ന ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. അതേസമയം ദുൽഖറിനൊപ്പം സണ്ണി വെയ്ൻ, ഷാനി ശാഖി, ശേഖർ മേനോൻ, ഗ്രിഗറി ജേക്കബ്, വിജയ രാഘവൻ, ബിബിൻ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിന്റെ പൂജ ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്റെ പേര് ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

അതേസമയം ദുൽഖർ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ഒരു യമണ്ടൻ പ്രേമകഥ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. ബി സി നൗഫല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിലൂടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ദുല്‍ഖര്‍ സല്‍മാനോടൊപ്പം സലീം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ സാഹിര്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, ബിബിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിഖില വിമലും സംയുക്താ മേനോനുമാണ് ഒരു യമണ്ടന്‍ പ്രേമകഥയില്‍ നായികമാരായെത്തുന്നത്.