പിഷാരടിയുടെ നർമ്മ രസങ്ങളുമായി മമ്മൂട്ടിയുടെ ‘ഗാനഗന്ധർവൻ’ ഉടൻ

May 28, 2019

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗാനഗന്ധർവൻ. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന രമേശ് പിഷാരടിയുടെ നർമ്മ രസങ്ങളുമായി മമ്മൂട്ടി എത്തുന്ന ചിത്രത്തെക്കുറിച്ച് അറിഞ്ഞതുമുതൽ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ സിനിമ ചിത്രീകരണം ഉടനെ തുടങ്ങുമെന്നുള്ള സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഉണ്ട, മാമാങ്കം എന്നീ ചിത്രങ്ങൾക്ക് ശേഷം ജൂണിൽ മമ്മൂട്ടി ഗാനഗന്ധർവനിൽ ജോയിൻ ചെയ്യുമെന്നാണ് സൂചന.

അതേസമയം കേരളപ്പിറവി ദിനത്തിൽ മലയാളികൾക്ക് ആവേശം പകർന്നുകൊണ്ടാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി രമേശ് എത്തിയത്. അതിന് പിന്നാലെ  പുറത്തിറങ്ങിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

താരരാജാവ് മമ്മൂട്ടിയുടെ എല്ലാ കാലങ്ങളിലെയും മികച്ച സിനിമകളിലെ ഡയലോഗുകള്‍ ഉള്‍പ്പെടുന്നതാണ് ടീസര്‍. ‘അതിരാത്രം’ മുതല്‍ ‘ഗ്രേറ്റ്ഫാദര്‍’ വരെയുള്ള സിനിമകളിലെ മമ്മൂട്ടി കഥാപാത്രങ്ങളിലൂടെയാണ് ടീസർ മുന്നോട്ട് പോകുന്നത്. ഗാനമേളകളില്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്.

‘ഗാനമേള വേദികളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസ് ആയി മമ്മൂക്ക വേഷമിടുമ്പോള്‍ ആ ചെറിയ ജീവിതത്തിലെ രസങ്ങളും നീരസങ്ങളും 2019ല്‍ നിങ്ങളുടെ മുന്നില്‍ എത്തുന്നു’, എന്ന വാക്കുകളോടെയാണ് പിഷാരടി പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.

Read also: പാട്ടുപാടി പാട്ടിലാക്കി ഒരു പള്ളീലച്ചൻ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

‘ഗാനഗന്ധർവൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന കുടുംബ ചിത്രമാണ്. രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് പിഷാരടിയും ഹരി പി നായരും ചേർന്നാണ്. അതേസമയം ചത്രത്തിൽ നാല് നായികമാരാണ് ഉണ്ടായിരിക്കുകയെന്നും, അതിൽ മൂന്ന് പേരും പുതുമുഖങ്ങൾ ആയിരിക്കുമെന്നുമാണ് സൂചന. അതേസമയം മമ്മൂട്ടിയെ നായകനാക്കി ചിത്രീകരിക്കുന്ന സിനിമയുടെ കൂടുതൽ വിശേഷങ്ങൾ അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.