‘ഇനി സാരിയുടുത്ത സ്ത്രീയില്ല, ജോലിക്ക് പോകുന്ന സ്ത്രീ’; പുതിയ ലോഗോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

May 29, 2019

ഇന്ത്യൻ റെയിൽവേ പുരോഗതിയുടെ പാതയിലാണ്… പുതിയ രൂപത്തിലും പുതിയ ഭവത്തിലുമൊക്കെ മാറാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ഇപ്പോഴിതാ വെസ്റ്റേൺ റെയിൽവേയുടെ പുതിയ മാറ്റമാണ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുന്നത്. റെയിൽവേയുടെ ലേഡീസ് കോച്ചിന്റെ ലോഗോയാണ്  സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്.

പഴയ ലോഗോയിൽ ഒരു കുല സ്ത്രീയുടെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. സാരിയുടുത്ത് സാരി തുമ്പ് തലയിലൂടെ ഇട്ടിരിക്കുന്ന പഴയ സ്ത്രീയ്ക്ക് പകരം കോട്ട് ധരിച്ച് മുടിയഴിച്ചിട്ട് കൈകെട്ടി ജോലിക്ക് പോകാൻ തയാറായി നിൽക്കുന്ന സ്ത്രീയുടെ രൂപമാണ് പുതിയ ലോഗോയിൽ പ്രത്യക്ഷപ്പെടുന്നത്. പഴയ ലോഗോയെക്കാൾ വലുപ്പത്തിലാണ് പുതിയ ലോഗോ നിർമ്മിച്ചിരിക്കുന്നതും. നിലവില്‍ 12 കോച്ചുകള്‍ക്കാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്. ബാക്കിയുള്ളവ കൂടി ഉടൻ മാറ്റുമെന്നാണ്  പ്രതീക്ഷിക്കുന്നത്.

Read also: ഗവേഷക വിദ്യാർത്ഥിയാകാൻ ഒരുങ്ങി പാർവതി

മാറുന്ന സാമൂഹിക ജീവിതത്തിന്‍റെ പ്രതിഫലനം റെയില്‍വേയിലും കൊണ്ടുവരണമെന്നാണ് ആഗ്രഹിക്കുന്നത് അതുകൊണ്ടാണ് ലോഗോയിലും മാറ്റം വരുത്തിയിരിക്കുന്നത്. സാരിയിലുള്ള സ്ത്രീ ഇന്നത്തെ സ്ത്രീകളെ കൃത്യമായി കാണിക്കാന്‍ അപര്യാപ്തമാണ് എന്ന ചിന്തയിൽ നിന്നാണ് പുതിയ ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്നും വെസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ എ കെ ഗുപ്ത പറഞ്ഞു.

പുതിയ മാറ്റത്തിന് നിറഞ്ഞ പ്രോത്സാഹനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോഗോ മാറ്റുന്നതോടൊപ്പം തന്നെ സ്ത്രീകള്‍ക്ക് സുരക്ഷിതമായ കോച്ചുകളും, റെയില്‍വേ സ്റ്റേഷനുകളും മാറ്റണമെന്ന ആവശ്യങ്ങളും ഉയർന്നുവരുന്നുണ്ട്.