‘ഇഷ്‌കി’ല്‍ സിദ് ശ്രീറാമിന്റെ പാട്ടും; പ്രതീക്ഷയോടെ പ്രേക്ഷകര്‍

May 9, 2019

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ പ്രീയനടനായി മാറിയതാണ് ഷെയ്ന്‍ നിഗം. ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ഇഷ്‌ക്’. ചിത്രത്തില്‍ തെന്നിന്ത്യന്‍ യുവ ഗായകനായ സിദ് ശ്രീറാമിന്റെ പാട്ടുണ്ടാകും എന്ന വാര്‍ത്തയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്തെത്തി. ജെയ്ക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അതേസമയം സിദ് ശ്രീറാം ആദ്യമായാണ് ഒരു മലയാള ചിത്രത്തില്‍ ഗാനം ആലപിക്കുന്നത്.

ഭാഷ ഭേദമന്യേ മലയാളികള്‍ ഏറ്റുപാടുന്ന നിരവധി തമിഴ്, തെലുങ്ക് ഗാനങ്ങള്‍ സിദ് ശ്രീറാം ആലപിച്ചവയാണ്. ‘എന്നോട് നീ ഇരുന്താള്‍…’, ‘മറുവാര്‍ത്തൈ….’, ‘കണ്ണാന കണ്ണേ…’ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ധേയനായ സിദ് മലയാളത്തിലേക്കെത്തുമ്പോള്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.

നോട്ട് എ ലവ് സ്‌റ്റോറി എന്ന ടാഗ് ലൈനോടെയാണ് ഇഷ്‌ക് തീയറ്ററുകളിലേക്കെത്താന്‍ ഒരുങ്ങുന്നത്. നവഗാതനായ അനുരാജ് മനോഹര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരതി എന്നിവര്‍ ചേര്‍ന്നാണ് ഇഷ്‌കിന്റെ നിര്‍മ്മാണം. ആന്‍ ശീതളാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ഇഷ്‌കില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സച്ചി എന്നാണ് ഷെയ്ന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

Read more:രജനീകാന്ത് നായകനായെത്തുന്ന ‘ദര്‍ബാറി’ല്‍ ചെമ്പന്‍ വിനോദും

അതേസമയം സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിനു വേണ്ടിയുള്ള ഷെയ്ന്‍ നിഗത്തിന്റെ മെയ്ക്ക് ഓവര്‍. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ കമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിനു ശേഷം ഷെയ്ന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ഇഷ്‌ക്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ ബോബി എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ നിഗം അവതരിപ്പിച്ചത്. മുടി ഒരല്പം നീട്ടി വളര്‍ത്തിയ ലുക്കായിരുന്നു ചിത്രത്തില്‍ താരത്തിന്റേത്. അതേസമയം ഇതില്‍ നിന്നും തികച്ചും വിത്യസ്തമായ ലുക്കാണ് ഇഷ്‌ക് എന്ന ചിത്രത്തിലേത്.