ആസ്വാദകന്റെ മിഴിയും മനവും കവര്‍ന്ന് ‘കുട്ടിമാമ’യിലെ പ്രണയ ഗാനം; വീഡിയോ

May 4, 2019

എക്കാലത്തും പ്രേക്ഷകര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ് മനോഹരമായ പ്രണയഗാനങ്ങള്‍. ചില അനുരാഗ ഗാനങ്ങള്‍ക്ക് മാത്രമാണ് ആസ്വാദകന്റെ കാതുകള്‍ക്കൊപ്പം മിഴിയും മനവും കവരാന്‍ സാധിക്കുക. ഇത്തരത്തിലുള്ള പാട്ടുകള്‍ കാലന്താരങ്ങള്‍ക്കുമപ്പുറം മനസില്‍ ഇടം നേടുകയും ചെയ്യുന്നു. പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ‘കുട്ടിമാമ’ എന്ന ചിത്രത്തിലെ പ്രണയ ഗാനം. ഗാനത്തിന്റെ വരികളും സംഗീതവും ആലാപനവും ദൃശ്യാവിഷ്‌കരണവും എല്ലാം ഏറെ മികച്ചു നില്‍ക്കുന്നു.

ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും ഒരുമിച്ച് വെള്ളിത്തിയിലെത്തുന്ന ചിത്രമാണ് ‘കുട്ടിമാമ’. ചിത്രത്തിലെ ‘തോരാതെ…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ബി കെ ഹരിനാരയണന്റേതാണ് ഗാനത്തിലെ വരികള്‍. അച്ചു രാജാമണി സംഗീതം പകര്‍ന്നിരിക്കുന്നു. വിനീത് ശ്രീനിവാസനും വര്‍ഷ വിനുവും ചേര്‍ന്നാണ് ആലാപനം. ഹാസ്യവും പ്രണയവും ആക്ഷനുമെല്ലാം നിറച്ചുകൊണ്ടുള്ള ചിത്രത്തിന്റെ ട്രെയ്‌ലറും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

‘കുട്ടിമാമ’ എന്ന പേര് പുറത്തെത്തിയപ്പോള്‍ മുതല്‍ക്കേ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. കാരണം ‘കുട്ടിമാമ’ എന്ന പേര് പണ്ടേയ്ക്ക് പണ്ടേ മലയാളികള്‍ നെഞ്ചിലേറ്റിയതാണ്. ‘യോദ്ധ’ എന്ന ചിത്രത്തിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ ‘കുട്ടിമാമ ഞാന്‍ ഞെട്ടി മാമ…’ എന്ന ഡയലോഗ് അത്ര പെട്ടെന്ന് മറക്കാനാകില്ല മലയാളികള്‍ക്ക്. ‘കുട്ടിമാമ’ എന്ന പുതിയ ചിത്രത്തെയും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

Read more:“നിപാ കാലത്ത് ഞാനും കോഴിക്കോട്”; ‘വൈറസ്’ സിനിമയ്ക്ക് ആശംസകളുമായി ഇര്‍ഫാന്‍ പത്താന്‍

എന്നാല്‍ ‘യോദ്ധ’യിലെ കുട്ടിമാമയുമായി ഈ ചിത്രത്തിന് ബന്ധമൊന്നുമില്ല. തള്ള് വീരനായ ഒരു പട്ടാളക്കാരന്റെ കഥയാണ് ചിത്രം പറയുന്നതെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നു. ചിത്രത്തില്‍ ശ്രീനിവാസനാണ് കുട്ടിമാമയായി എത്തുന്നത്. നിരവധി താരനിരകള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ‘വിമാനം’ എന്ന ചിത്രത്തിലൂടെ പ്രക്ഷകര്‍ക്ക് സുപരിചിതയായ ദുര്‍ഗ കൃഷ്ണയും ‘തന്മാത്ര’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ ശ്രദ്ധേയമായ മീര വാസുദേവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

വി എം വിനുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം വിനു സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുന്ന ചിത്രംകൂടിയാണ് ‘കുട്ടിമാമ’. അതേസമയം വി എം വിനു ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ മുമ്പ് പിറന്ന ‘മകന്റെ അച്ഛന്‍’, ‘യെസ് യുവര്‍ ഓണര്‍’ എന്നീ ചിത്രങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഫുള്‍ ടൈം ഫാമിലി എന്റെര്‍റ്റൈനെര്‍ ആയ ചിത്രമാണ് ‘കുട്ടിമാമ’. ശ്രീ ഗോഗുലം മൂവീസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.