അന്ന് പാർവതി ചോദിച്ചു ‘ലിനിയുടെ മക്കളുടെ പഠനചിലവ് ഞാൻ ഏറ്റെടുത്തോട്ടെയെന്ന്’ ; വൈറലായി സജീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്
കോഴിക്കോട് പടര്‍ന്നുപിടിച്ച നിപാ വൈറസിനെ വേദനയോടെയല്ലാതെ മലയാളികള്‍ക്ക് ഓര്‍ക്കാനാകില്ല. നിപാ വൈറസ് മൂലം ഈ ലോകത്തോട് വിട പറഞ്ഞവരെയും. സ്വന്തം ആരോഗ്യ സ്ഥിതി പോലും കണക്കിലെടുക്കാതെ നിസ്വാര്‍ത്ഥമായി സോവനം ചെയ്ത് മരണപ്പെട്ട ലിനി എന്ന മാലാഖയും മലയാളികളുടെ മനസില്‍ തെളിഞ്ഞു നില്‍പ്പുണ്ട്. ലിനി മരിച്ചതിന്റെ മൂന്നാം ദിവസം തന്നെ തന്നെ വിളിക്കുകയും വിഷമം പങ്കുവെക്കുകയും ചെയ്ത പാർവതി എന്ന നടിയെക്കുറിച്ചും പാർവ്വതിയുടെ പുതിയ ചിത്രം ഉയരെയെക്കുച്ചും വെളിപ്പെടുത്തുകയാണ് ലിനിയുടെ ഭർത്താവ് സജീഷ് പുത്തൂർ. സജീഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ അനുഭവം വെളിപ്പെടുത്തിയത്.
സജീഷിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…
ഉയരെ…. ഉയരെ… പാർവ്വതി
പാർവ്വതിയുടെ ഒട്ടുമിക്ക സിനിമകളും കാണാറുളള അവരുടെ അത്ഭുതപ്പെടുത്തുന്ന അഭിനയത്തിന്റെ ഒരു ആരാധകൻ കൂടിയാണ് ഞാൻ. ലിനിയുടെ മരണശേഷം ഇതുവരെ സിനിമ കണ്ടിട്ടില്ല അതുകൊണ്ട് തന്നെ ‘ഉയരെ’ കാണാൻ ശ്രമിച്ചിട്ടില്ല.
പക്ഷെ ഞാൻ കാണും, കാരണം ആ സിനിമയെ കുറിച്ച് വളരെ നല്ല അഭിപ്രായം ഉളളത് കൊണ്ട് മാത്രമല്ല, പാർവ്വതി എന്ന നടിയുടെ അതിജീവനത്തിന്റെ വിജയം കൂടി ആയിരുന്നു ആ സിനിമ. സിനിമ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ, അതിക്രമങ്ങൾക്കെതിരെ ശബ്ദിച്ചതിന് ഫെമിനിച്ചി എന്നും, ജാഡയെന്നും പറഞ്ഞ് ഒറ്റപ്പെടുത്തി സിനിമയിൽ നിന്നും തുടച്ച് നീക്കാൻ നടത്തിയ ശ്രമങ്ങൾ ധീരതയോടെ നേരിട്ട നടി എന്നത് കൊണ്ടും
അതിനപ്പുറം പാർവ്വതി എന്ന വ്യക്തിയെ എനിക്ക് നേരിട്ട് അറിയുന്നത്
ലിനി മരിച്ച് മൂന്നാം ദിവസം എന്നെ വിളിച്ച് ” സജീഷ്, ലിനിയുടെ മരണം നിങ്ങളെ പോലെ എന്നെയും ഒരുപാട് സങ്കടപ്പെടുത്തുന്നു. പക്ഷെ ഒരിക്കലും തളരരുത് ഞങ്ങൾ ഒക്കെ നിങ്ങളെ കൂടെ ഉണ്ട്. സജീഷിന് വിരോധമില്ലെങ്കിൽ രണ്ട് മക്കളുടെയും പഠന ചിലവ് ഞാൻ എടുത്തോട്ടെ, ആലോചിച്ച് പറഞ്ഞാൽ മതി” എന്ന വാക്കുകൾ ആണ്. പക്ഷെ അന്ന് ഞാൻ വളരെ സ്നേഹത്തോടെ അത് നിരസിച്ചു. പിന്നീട് പാർവ്വതി തന്നെ മുൻ കൈ എടുത്ത് അവറ്റിസ് മെഡിക്കൽ ഗ്രുപ്പ് ഡോക്ടർ മാർ ഇതേ ആവശ്യവുമായി വന്നു.
” ലിനിയുടെ മക്കൾക്ക് ലിനി ചെയ്ത സേവനത്തിന് ലഭിക്കുന്ന അംഗീകാരവും അവകാശപ്പെട്ടതുമാണ് ഈ ഒരു പഠന സഹായം” എന്ന പാർവ്വതിയുടെ വാക്ക് എന്നെ അത് സ്വീകരിക്കാൻ സന്നദ്ധനാക്കി.
ലിനിയുടെ ഒന്നാം ചരമദിനത്തിന് കെ.ജി.എൻ.എ സംഘടിപ്പിച്ച അനുസ്മരണത്തിൽ വച്ച് പാർവ്വതിയെ നേരിട്ട് കാണാനും റിതുലിനും സിദ്ധാർത്ഥിനും അവരുടെ സ്നേഹമുത്തങ്ങളും ലാളനവും ഏറ്റ് വാങ്ങാനും കഴിഞ്ഞു.
ഒരുപാട് സ്നേഹത്തോടെ പാർവതി തിരുവോത്തിന്
ആശംസകൾ…