സൗബിന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ജിന്ന്’ വരുന്നു

May 6, 2019

അഭിനയ മികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയനായ കഥാപാത്രമാണ് സൗബിന്‍. ചുരുങ്ങിയ കാലയളവുകൊണ്ട് പ്രേക്ഷക മനസില്‍ താരം ഇടം നേടി. സൗബിന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വരുന്നു. ‘ജിന്ന്’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ ഫെയ്‌സ്ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചു.

സൗബിന്‍ സാഹിറിനൊപ്പം നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് ഭരതനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രാജേഷ് ഗോപിനാഥാണ് ജിന്ന് എന്ന ചിത്രത്തിന്റെ രചന. ഗിരീഷ് ഗംഗാധരന്‍ ക്യാമറ കൈകാര്യം ചെയ്യുന്നു. ഡി ഫോര്‍ട്ടീന്‍ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രശാന്ത് പിള്ള സംഗീതവും ഭവന്‍ ശ്രീകുമാര്‍ ചിത്രത്തിന്റെ എഡിറ്റിങും നിര്‍വ്വഹിക്കുന്നു.

Read more:‘നീ മുകിലോ…’ മനോഹരമായ ആലാപനത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ കൈയടി നേടി ഈ പെണ്‍കുട്ടി

സംവിധാന സഹായി ആയിട്ടായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള സൗബിന്റെ അരങ്ങേറ്റം. പിന്നീട് സഹനടനായി നിരവധി സിനിമകളില്‍ താരം തിളങ്ങി. സുഡാനി ഫ്രം നൈജീരിയ ആണ് സൗബിന്‍ നായക കഥാപാത്രമായെത്തിയ ആദ്യ ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും സൗബിനെ തേടിയെത്തി.

അന്നയും റസൂലും, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ചന്ദ്രേട്ടന്‍ എവിടെയാ, പ്രേമം, റാണി പത്മിനി, ലോഹം, കലി, ഡാര്‍വിന്റെ പരിണാമം, അനുരാഗ കരിക്കിന്‍വെള്ളം, പറവ, സോളോ, കമ്മട്ടിപ്പാടം, ഹാപ്പി വെഡ്ഡിംഗ് തുടങ്ങി നിരവധി സിനിമകളില്‍ സൗബിന്‍ വിത്യസ്ത കഥാപാത്രങ്ങള്‍ക്കൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായി. അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ പറവ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചതും സൗബിന്‍ സാഹിര്‍ ആയിരുന്നു. സൗബിന്‍ സാഹിര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനവും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.