വിക്കറ്റ് കിട്ടിയാല്‍ ഇംറാന്‍ താഹിറിന്റെ കിടിലന്‍ ഓട്ടം; ചിരിയുണര്‍ത്തുന്ന മറുപടിയുമായി ധോണി: വീഡിയോ

May 2, 2019

ഐപിഎല്‍ 2019 ക്രിക്കറ്റ് മാമാങ്കം പുരോഗമിക്കുകയാണ്. മത്സരങ്ങള്‍ അന്തിമഘട്ടത്തിലേക്ക് അടുക്കുംതോറും ടീമുകളും വീറും വാശിയും ചോരാതെ കളിച്ചുകൊണ്ടിരിക്കുന്നു. കളിക്കളത്തിലെ താരങ്ങളുടെ ആഹ്ളാദ പ്രകടനങ്ങള്‍ പല തരത്തിലാണ്. ഇത്തരം രസകരമായ പ്രകടനങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലും ഇടം നേടാറുണ്ട്.

വിക്കറ്റ് നേടുമ്പോഴുള്ള ആഹ്ളാദ പ്രകടനത്തില്‍ ഏറെ വിത്യസ്തനാണ് ദക്ഷിണാഫ്രിക്കന്‍ താരം ഇംറാന്‍ താഹിര്‍. വിക്കറ്റ് കിട്ടിയാല്‍ ഒരു ഒന്നൊന്നര ഓട്ടമാണ് താഹിറിന്റെ വക. ഈ ഓട്ടം കാണാന്‍ തന്നെ ഏറെ രസകരമാണെന്നാണ് ആരാധകര്‍ പറയാറ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാണ് ഇമ്രാന്‍ താഹിര്‍.


ഇപ്പേഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ഇമ്രാന്‍ താഹിറിന്റെ ഓട്ടത്തെക്കുറിച്ചുള്ള ധോണിയുടെ മറുപടി. ഡല്‍ഹി ക്യാപിറ്റല്‍സുമായി നടന്ന മത്സരത്തിനു ശേഷമാണ് താരം താഹിറിന്റെ ഓട്ടത്തെക്കുറിച്ച രസകരമായ മറുപടി നല്‍കിയത്.

“വിക്കറ്റ് ലഭിച്ചാലുള്ള താഹിറിന്റെ ഓട്ടം കാണാന്‍ നല്ല രസമാണ്. പക്ഷെ ഞാനും വാട്‌സണും ഒരിക്കലും അദ്ദേഹത്തെ പിന്തുടരാറില്ല. കാരണം അദ്ദേഹം വേറെ വഴിക്കാണ് ഓടുന്നത്. ഒടുവില്‍ ഓട്ടം തുടങ്ങിയ ഇടത്തുതന്നെ താഹിര്‍ എത്തും. ഈ സമയത്താണ് ഞങ്ങള്‍ താഹിറിനെ അഭിനന്ദിക്കാറുള്ളതെന്നും” ധോണി പറഞ്ഞു.

Read more:പ്രതീക്ഷിക്കാത്ത നേരത്ത് ധോണിയുടെ മിന്നല്‍ സ്റ്റംമ്പിങ്; കളം വിട്ട് ക്രിസ് മോറിസ്: വീഡിയോ

അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൂറ്റന്‍ വിജയം സ്വന്തമാക്കി. 80 റണ്‍സിനായിരുന്നു ഡല്‍ഹിയുടെ പരാജയം. 16.2 ഓവറില്‍ 99 റണ്‍സെടുത്ത ഡല്‍ഹി ഓള്‍ ഔട്ടായി. 8 വിക്കറ്റുകള്‍ പങ്കിട്ട സ്പിന്‍ ത്രയമാണ് ഡല്‍ഹിയെ തകര്‍ത്തത്. 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയാസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ്പ് സ്‌കോറര്‍. ജയത്തോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വീണ്ടും പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. മത്സരത്തിലെ ക്രിസ് മോറിസിനെ പുറത്താക്കിക്കൊണ്ടുള്ള ധോണിയുടെ മിന്നല്‍ സ്റ്റംമ്പിങ്ങും സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാണ്.