ആലാപനത്തില്‍ അതിശയിപ്പിച്ച് വീണ്ടും ഹരിശങ്കര്‍ ‘ദി ഗാംബ്ലറി’ലെ ഗാനം ശ്രദ്ധേയമാകുന്നു

May 25, 2019

ചിലരങ്ങനാണ്, എന്തു ചെയ്താലും അതെപ്പോഴും ഹിറ്റ്. ഹരിശങ്കറിന്റെ കാര്യവും അങ്ങനെ തന്നെ. കക്ഷി ഏത് പാട്ട് പാടിയാലും സൂപ്പര്‍ ഹിറ്റ് ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഗായകന്‍ കെ എസ് ഹരിശങ്കറിന്റെ ആലാപനത്തില്‍ ഒരുങ്ങിയ മറ്റൊരു ഗാനംകൂടി. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്ന ‘ദി ഗാംബ്ലര്‍’ എന്ന ചിത്രത്തിലെ ഒരു ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ‘തെളിവാനമേ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. വിനായക് ശങ്കറിന്റേതാണ് ഗാനത്തിലെ വരികള്‍. മണികണ്ഠന്‍ അയ്യപ്പന്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘ഒരു മെക്‌സിക്കന്‍ അപാരത’ എന്ന ചിത്രത്തിനു ശേഷം ടോം ഇമ്മട്ടി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ദി ഗാംബ്ലര്‍. മെയ് 24 നായിരുന്നു ചിത്രം തീയറ്ററുകളിലെത്തിയത്. ആന്‍സണ്‍ പോളാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ഡയാന ഹമീദാണ് സിനിമയില്‍ ആന്‍സണ്‍ പോളിന്റെ നായികയായി വേഷമിടുന്നത്. ചിത്രത്തില്‍ഇന്നസെന്റ്, സലീം കുമാര്‍, സിജോയ് വര്‍ഗീസ്, രൂപേഷ് പീതാംബരന്‍, ജയരാജ് വാര്യര്‍, അരിസ്റ്റോ സുരേഷ്, ജോസഫ് അന്നംകുട്ടി ജോസ്, വിഷ്ണു ഗോവിന്ദ്, വിജയകുമാര്‍, വിനോദ് നാരായണന്‍, ശ്രീലക്ഷ്മി, രജിനി ചാണ്ടി, മാലതി ടീച്ചര്‍, വിദ്യ തുടങ്ങിയവരും വിത്യസ്ത കഥാപാത്രങ്ങളായെത്തുന്നുണ്ട്. തങ്കച്ചന്‍ ഇമ്മാനുവേലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read more:ആകാംഷ നിറച്ച് ‘മാഗ്നിറ്റോ’; സോഷ്യല്‍ മീഡിയയില്‍ കൈയടി നേടി ഒരു ഹ്രസ്വചിത്രം

അതിമനഹോരമായ ആലാപനമാധുര്യംകൊണ്ട് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ശ്രദ്ധേയനാണ് കെ എസ് ഹരിശങ്കര്‍. മെലോഡിയസ് ആയിട്ടുള്ള ഹരിശങ്കറിന്റെ ആലാപനം മഴ പോലെ ആസ്വാദകന്റെ ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്നു. ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലെ നിലാവും മായുന്നു…, ‘അനാര്‍ക്കലി’ എന്ന ചിത്രത്തിലെ വാനം ചായും…, ‘തീവണ്ടി’ എന്ന സിനിമയിലെ ജീവാംശമായി…., ‘അതിരന്‍’ എന്ന ചിത്രത്തിലെ പവിഴ മഴയെ… തുടങ്ങിയ സുന്ദര ഗാനങ്ങളെല്ലാം ഹരിശങ്കറിന്റെ ആലാപനത്തില്‍ എടുത്തുപറയേണ്ടവയാണ്.