ബൈച്ചുംഗ് ബൂട്ടിയ ആവാൻ ടൈഗർ ഷറോഫ്; അണിയറയിൽ ബയോപിക്ക് ഒരുങ്ങുന്നു
മുൻ ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ ബൈച്ചുംഗ് ബൂട്ടിയയുടെ കഥ അഭ്രപാളിയിലേക്ക്. യുവനടൻ ടൈഗർ ഷറോഫ് ബൂട്ടിയ ആയി വേഷമിടുമെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ അണിയറ പ്രവർത്തകർ ഇക്കാര്യം ആവശ്യപ്പെട്ട് ടൈഗറിനെ സമീപിച്ചുവെന്നും എന്നാൽ ടൈഗർ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ചിത്രത്തിലെ നായകനായി ടൈഗറിനെ മാത്രമാണ് അണിയറ പ്രവർത്തകർ ലക്ഷ്യം വെക്കുന്നത്. ടൈഗറിന് തിരക്കഥ ഇഷ്ടപ്പെട്ടുവെന്നും നിലവിൽ കരാറൊപ്പിട്ട സിനിമകൾക്കു ശേഷം ചിത്രത്തിൻ്റെ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും റിപ്പോർട്ടുകൾ പറയുന്നു. സില ഗാസിയാബാദ് എന്ന സിനിമയുടെ സംവിധായകൻ ആനന്ദ് കുമാറാണ് ചിത്രം അണിയിച്ചൊരുക്കുക.
ഇന്ത്യൻ ഫുട്ബോളിൻ്റെ സുവർണ്ണകാലത്ത് ഐഎം വിജയനൊപ്പം മുന്നേറ്റത്തിൽ ഒട്ടേറെ നേട്ടങ്ങൾ കുറിച്ച കളിക്കാരനാണ് ബൈചുംഗ് ബൂട്ടിയ. സിക്കിം വംശജനായ ബൂട്ടിയ 1993ൽ ഈസ്റ്റ് ബംഗാളിലൂടെയാണ് പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്. തുടർന്ന് മോഹൻ ബഗാനിലും ഈസ്റ്റ് ബംഗാളിലുമായി പല തവണ ബൂട്ട് കെട്ടിയ ബൈച്ചുംഗ് ബൂട്ടിയ 1995ൽ ഇന്ത്യൻ ടീമിലെത്തി.