‘ഉയരെ’യുടെ ഓര്‍മ്മയില്‍ ഹൃദയംതൊട്ട് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ്

June 5, 2019

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘ഉയരെ’ എന്ന ചിത്രം. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ അതിജീവന കഥ പറയുന്ന ചിത്രമാണ് ഉയരെ. പാര്‍വ്വതിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. പാര്‍വ്വതിക്കൊപ്പം ആസിഫ് അലിയും ടൊവിനോയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. പല്ലവി എന്ന കഥാപാത്രമായാണ് ഉയരെയില്‍ പാര്‍വ്വതി വേഷമിടുന്നത്. നവാഗതനായ മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ബോബി സഞ്ജയ് ആണ് ഉയരെ എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.

ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ഉയരെയുടെ ഓര്‍മ്മയില്‍ ഡോ. ഷാഹിന പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ്. വായനക്കാരന്റെ ഹൃദയംതൊടുന്നുണ്ട് ഈ കുറിപ്പ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അതെ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഇന്ന് ഞാനും ഉയരെയ്ക്കുയരെ അനുദിനം പറന്നുയിര്‍ന്നുകൊണ്ടിരിക്കുന്നു….
എന്റെ ചിറകുകള്‍ക്ക് കരുത്തായി എന്റെ കൂടെ മാതാപിതാക്കളും കൂടപ്പിറപ്പുകളും ഒരുപറ്റം നല്ല ചങ്ങായിമാരും.

ചലച്ചിത്രങ്ങള്‍ കാണാന്‍ പൊതുവെ അത്രക് ഭ്രമമുള്ള ഒരു പെണ്‍കുട്ടി ഒന്നുമല്ല ഞാന്‍. നല്ല അഭിപ്രായം കേട്ടാല്‍ അതറിഞ്ഞു പോയി കാണുന്ന ഒരു പ്രകൃതക്കാരി ആണ്… അങ്ങനെ കാണാന്‍ ഇടയായൊരു മലയാള ചലച്ചിത്രം ആയിരുന്നു ഉയരെ….
ഉയരെ എന്നത് കേവലം ഒരു സിനിമാ മാത്രം ആയിരുന്നില്ല എനിക്ക്, ഒരു പരിധിയോളം അതിലൂടെ എനിക്കെന്റെ ഇതുവരെയുള്ള ജീവിതത്തിലേക്കു ഒരെത്തിനോട്ടം കൂടി ആയിരുന്നു..

ഉയരെ എന്ന സിനിമയില്‍ പര്‍വ്വതിയുടെ കഥാപാത്രമായ, പല്ലവിക്ക്, ഒരു ആസിഡ് ആക്രമണം കൊണ്ടാണ് അവള്‍ക് അവളുടെ സൗന്ദര്യം നഷ്ടപെട്ടതെങ്കില്‍, ബാല്യകാലത്തിലെ അശ്രദ്ധമൂലമുണ്ടായ ഒരു അപകടമാണ് എന്റെ ജീവിതം നശിപ്പിക്കാന്‍ നോക്കിയത്..!

നാളിതുവരെ ഞാന്‍ അനുഭവിച്ചത്, മാലോകരെ നിങ്ങള്‍ക്ക് ഊഹിക്കാവുന്ന അതിര്‍വരമ്പുകള്‍ക്കും അപ്പുറവാണ്…
എന്റെ 5ആം വയസില്‍,ബാല്യത്തിലെ ആ കറുത്ത ദിവസം, ആ കനല്‍ വിളക്ക് എന്നെ തള്ളിയിട്ടത് ഒരു തീച്ചൂളയിലേക് ആയിരുന്നു, അതും എന്റെ ജീവിതം പിടിച്ചു വാങ്ങുക എന്ന ലക്ഷ്യത്തോടെ… !!

വസ്ത്രവിതുമ്പിലൂടെ പടര്‍ന്നുകയറിയ ആഴി എരിഞ്ഞമര്‍ത്തിയത് എന്റെ ജീവിതം ആയിരുന്നു…!!
അതേ, എന്റെ ദേഹമാസകലം ചടുലനൃത്തം ആടിയ ആഴിയില്‍ ഞാന്‍ അമര്‍ന്നുപോകുവാന്ന് തോന്നിപ്പിച്ച നിമിഷം….. !!

ഞാന്‍ ആ ഇളം പ്രായത്തില്‍ അഭിമുഖീകരിച്ച വേദനയുടെ ദശാംശം പോലും പാര്‍വതിയുടെ കഥാപാത്രം അനുഭവിച്ചിട്ടുണ്ടാവില്ല, സിനിമയില്‍ ആയിരുന്നാലും..

ദൈവം എന്നെ കൈവെടിഞ്ഞില്ല, ഉണ്ടായിരുന്നു എനിക്കൊപ്പം. അതേപോലെ താങ്ങായും തണലായും ദിനരാത്രങ്ങള്‍ നോക്കാതെ എനിക്കൊപ്പം എന്റെ നല്ലവരായ മാതാപിതാക്കളും…കുറുമ്പ് കാട്ടി കളിച്ചു നടക്കേണ്ട എന്റെ ബാല്യകാലത്തിലെ സുന്ദര നാളുകള്‍, കാലങ്ങളോളം വേദന കടിച്ചമര്‍ത്തി ഞാന്‍ ഹോസ്പിറ്റലില്‍ ചിലവഴിച്ചു. അതിനു ശേഷം വീട്ടിലെ മുറികള്‍ക്കുള്ളിലും..!

ആ ഒരു നിമിഷത്തില്‍ സംഭവിച്ച അശ്രദ്ധ, കണ്ണാടിയില്‍
സ്വയം എന്റെ പ്രതിബിംബം നോക്കിക്കാണാന്‍ വരെ എന്നെ ഭീതിപ്പെടുത്തി.
ആളുകളുടെയിടയില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ഞാന്‍ സ്വയം സന്നദ്ധയായി.
ഒരുപാട് കുത്തുവാക്കുകളും കുറ്റപ്പെടുത്തലും കളിയാക്കലും ഒറ്റപെടുത്തലുകളുമെല്ലാം ബാല്യകാലം മുതല്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്..
നിങ്ങളുടെ ചിന്തകള്‍ക്കതീതം ആണ്, എന്റെ ആ ഇളം പ്രായത്തിലെ പ്രയാസങ്ങള്‍, ഞാന്‍ അനുഭവിച്ച നരകയാതനതകള്‍…!

പക്ഷെ എന്റെ ദൈവവും എന്റെ മാതാപിതാക്കളും കൂടപ്പിറപ്പുകളും എനിക്ക് പൂര്‍ണ്ണപിന്തുണ തന്ന് എന്റെയൊപ്പം നിന്നു, അവരുടെ പ്രാര്‍ഥനയും സ്‌നേഹവും കൂടി ആയപ്പോള്‍, എന്റെ ശരീരത്തിലെ ബാഹ്യപൊള്ളലുകള്‍ എല്ലാം തരണം ചെയ്ത്, ജീവിതത്തെ ഞാന്‍ സധൈര്യം പോരാടി, പഠിച്ചു വളര്‍ന്നു, ദൈവകൃപയാല്‍ ഞാന്‍ ഇന്നൊരു ഡോക്ടര്‍ ആയി…
ഒരു പക്ഷെ ജനങ്ങള്‍ക് ആശ്വാസം നല്‍കാനായി,
അവര്‍ക്കു വേണ്ടി ജീവിതം സേവിക്കാന്‍ ആയിരിക്കും ദൈവം എനിക്ക് ഒരു രണ്ടാം ജന്മം തന്നത്…!!

പണ്ടൊക്കെ ദൈവത്തെ ഒരുപാട് കുറ്റപെടുത്തിയിട്ടുണ്ട്, പക്ഷെ എന്റെ ഓരോ വളര്‍ച്ചയ്ക്കും കാരണം എന്റെ ദൈവം ആണെന്ന് എനിക്ക് മനസിലായി. ഒരു കുഴിയിലേക്ക് വീണുപോയ എന്റെ ജീവിതം ഉയരെക്കുയരേ ഉയര്‍ത്തിക്കൊണ്ടു വരാന്‍ എനിക്ക് എന്റെ ദൈവത്തിന്റെ കൃപാകടാക്ഷം ഒരുപാടുണ്ടായിരുന്നു… ആ കരുണ കാരുണ്യം അതൊന്നാണ് എന്നെ ഇന്നൊരു ഡോക്ടര്‍ ആക്കിയത്…!!

പല്ലവിക്കു വാനോളം ഉയരെ പറക്കാനുള്ള ആഗ്രഹമാണ് ഗോവിന്ദ് എന്ന കാമുകന്‍ ഒരു നിമിഷംകൊണ്ട് ഇല്ലാതാക്കിയത്..
എല്ലാ പ്രതീക്ഷയും അവസാനിച്ചു എന്ന് കരുതുന്ന നിമിഷമാണ്, ഒരു നിമിത്തം പോലെ നമ്മുടെ ടോവിച്ചായന്റെ വിശാല്‍ എന്ന കഥാപാത്രത്തിന്റെ കടന്നുവരവ്.
എല്ലാം നഷ്ട്ടപെട്ടുവെന്ന് കരുതിയ പല്ലവിയെ ഉയരെ പറത്താന്‍ ചിറകുമായി വന്നൊരു ദൂതന്‍ ആണ് വിശാല്‍ എന്ന ടോവിനോച്ചായന്‍…
പുറംലോകത്തെക്കിറങ്ങി സമൂഹത്തെ നേരിടാന്‍ മടിച്ചിരുന്ന പല്ലവിയെ വിശാല്‍ നല്ല മനോധൈര്യം പകര്‍ന്നുനല്‍കി, ഒരു ആത്മധൈര്യമുള്ളവാളാക്കി മാറ്റി.അങ്ങനെ അവള്‍ പൊതുജനത്തിനു മുന്നില്‍ ഒരു ഇഷ്ടതാരമായി സിനിമയില്‍ മാറി…

എന്റെ ജീവിതത്തിലും ടോവിനോയെ പോലെ ഒരുപാടു നല്ല വ്യക്തിത്വങ്ങള്‍ ഉണ്ടായിരുന്നു, എല്ലാത്തിനും എനിക്ക് പൂര്‍ണ്ണപിന്തുണ നല്‍കി അന്നും ഇന്നും അവര്‍ താങ്ങായി തണലായി കൂടെ ഉണ്ട്,
ഇനിയെന്നും അവര്‍ കൂടെയുണ്ടാകുവെന്നുള്ള വിശ്വാസത്തില്‍ ഞാനും..
മാതാപിതാക്കള്‍, ഗുരുഭൂതര്‍, സഹോദരങ്ങള്‍ പിന്നെ നല്ലവരായ ഒരുപറ്റം ചങ്ങായിമാര്‍, അവരൊക്കെയാണെന്റെ ജീവിതം..
അതിലെല്ലാം ഉപരിയായി നല്ലവനായ എന്റെ ദൈവവും….. !

നമ്മുടെ സമൂഹത്തില്‍ പല്ലവിയെ പോലെ അല്ലേല്‍ എന്നെപ്പോലെ അനേകം ആളുകള്‍ ഉണ്ടാവും,ദുരന്തയാതനകളാല്‍ ക്ലേശിക്കുന്നവര്‍. അങ്ങനെ പ്രയാസങ്ങളാല്‍ വീടിനുള്ളില്‍ ഒതുങ്ങി ജീവിക്കുന്നവര്‍ക് ഒരു പ്രചോദനം ആകട്ടെ ഉയരെ എന്ന സിനിമയും അതിലുപരി എന്റെ ഈ ജീവിതവും..!!!!