സൗബിന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘അമ്പിളി’യുടെ പുതിയ പോസ്റ്റര്‍

June 29, 2019

ചുരുങ്ങിയ കാലയളവുകൊണ്ട് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് സൗബിന്‍ സാഹിര്‍. കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടുമെല്ലാം താരം വെള്ളിത്തിരയില്‍ മികച്ചു നില്‍ക്കുന്നു. സൗബിന്‍ സാഹിര്‍ കേന്ദ്ര കഥാപാത്രമായി പുതിയ ചിത്രമെത്തുന്നു ‘അമ്പിളി’ എന്നാണ് ചിത്ത്രതിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. പൂക്കള്‍ക്കു നടുവില്‍ കൈയില്‍ നിറെയ പൂക്കളും മുഖത്ത് നിറ പുഞ്ചിരിയുമായ് നില്‍ക്കുന്ന സൗബിന്‍ സാഹിറാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മറ്റൊരു പോസ്റ്റര്‍ കൂടി പുറത്തെത്തി. നവീന്‍ നസീം ആണ് പോസ്റ്ററിലുള്ളത്. സൈക്കിളില്‍ ഒരു ദീര്‍ഘ ദൂര യാത്രയ്ക്കുള്ള തയാറെടുപ്പിലാണ് നവീന്‍ എന്ന് തോന്നുവിധമാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. നടി നസ്രിയയുടെ സഹോദരനാണ് നവീന്‍ നസീം.

ടൊവിനോ തോമസ് നായകനായെത്തിയ ‘ഗപ്പി’ എന്ന ചിത്രത്തിനു ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അമ്പിളി’. ഗപ്പി എന്ന സിനിമയിലൂടെ പ്രേക്ഷക പ്രീതി നേടിയ സംവിധായകനാണ് ജോണ്‍പോള്‍ ജോര്‍ജ്. അതുകൊണ്ടുതന്നെ പുതിയ ചിത്രത്തെയും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നതും. അമ്പിളിയില്‍ ടൈറ്റില്‍ കഥാപാത്രമായാണ് സൗബിനെത്തുന്നത്. നടി പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

സംവിധാന സഹായി ആയിട്ടായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള സൗബിന്റെ അരങ്ങേറ്റം. പിന്നീട് സഹനടനായി നിരവധി സിനിമകളില്‍ താരം തിളങ്ങി. സുഡാനി ഫ്രം നൈജീരിയ ആണ് സൗബിന്‍ നായക കഥാപാത്രമായെത്തിയ ആദ്യ ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും സൗബിനെ തേടിയെത്തി.

Read more:സത്യം പറഞ്ഞാ വിശ്വസിക്കുവോ’; ശ്രദ്ധേയമായി പുതിയ ടീസര്‍

അന്നയും റസൂലും, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ചന്ദ്രേട്ടന്‍ എവിടെയാ, പ്രേമം, റാണി പത്മിനി, ലോഹം, കലി, ഡാര്‍വിന്റെ പരിണാമം, അനുരാഗ കരിക്കിന്‍വെള്ളം, പറവ, സോളോ, കമ്മട്ടിപ്പാടം, ഹാപ്പി വെഡ്ഡിംഗ് തുടങ്ങി നിരവധി സിനിമകളില്‍ സൗബിന്‍ വിത്യസ്ത കഥാപാത്രങ്ങള്‍ക്കൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായി. അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ പറവ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചതും സൗബിന്‍ സാഹിര്‍ ആയിരന്നു