റിലീസിന് മുന്നേ പുരസ്‌കാര നിറവില്‍ ‘ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’

June 11, 2019

ടൊവിനോ തോമസ് നായകാനായി എത്തുന്ന പുതിയ ചിത്രമാണ് ‘ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’. സലീം അഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പത്തേമാരി എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു വിനുണ്ട്. അതേസമയം റിലീസ് മുന്നേതന്നെ പുരസ്‌കാരങ്ങള്‍ നേടിയിരിക്കുകയാണ് ഈ ചിത്രം. കാനഡയില്‍വച്ചു നടന്ന രാജ്യാന്തര ചലച്ചിത്ര മേളയായ ആല്‍ബെര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ നാല് പുരസ്‌കാരങ്ങളാണ് ആന്‍ഡ് ദ് ഓസ്‌കാര് ഗോസ് ടു നേടിയത്. മികച്ച ചിത്രം, നടന്‍, സംവിധായകന്‍, സഹനടി എന്നീ പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.

ഒരു സിനിമയ്ക്കുള്ളിലെ മറ്റൊരു സിനിമയാണ് ചിത്രത്തിലെ പ്രേമേയം. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിലെ ശബ്ദ സംവിധാനം. മധു അമ്പാട്ടാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബിജിബാലാണ് സംഗീതം. പ്രമേയത്തിലെ വിത്യസ്തതകൊണ്ടു തന്നെ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയേക്കും. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.

Read more:വീണ്ടും അതിശയിപ്പിച്ച് വിജയ് സേതുപതി; മനോഹരം ഈ ഗാനം

ആദാമിന്റെ മകന്‍ അബു’ എന്ന സിനിമയിലൂടെയാണ് സലീം അഹമ്മദ് ചലച്ചിത്രസംവിധാന രംഗത്ത് ചുവടുവയ്ക്കുന്നത്. നാല് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ സിനിമയാണ് ആദാമിന്റെ മകന്‍ അബു. ഈ ചിത്രത്തിലെ അഭിനയത്തിന് സലീം കുമാര്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി. മമ്മൂട്ടിയെ നായകനാക്കി സലീം അഹമ്മദ് സംവിധാനം നിര്‍വ്വഹിച്ച പത്തേമാരി എന്ന ചിത്രവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കഥാപ്രമേയം കൊണ്ടുതന്നെ സലീം അഹമ്മദിന്റെ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടുന്നുണ്ട്.

ചുരുങ്ങിയ കാലംകൊണ്ടുതന്നെ പ്രേക്ഷക ഹൃദയം കവര്‍ന്ന നടനാണ് ടൊവിനോ തോമസ്. ടൊവിനോയുടെ ഓരോ കഥാപാത്രങ്ങളെയും ആസ്വാദകര്‍ ഇരും കൈയും നീട്ടി സ്വീകരിച്ചു. അപ്പുവേട്ടനും മാത്തനും മറഡോണയുമെല്ലാം പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ച ടൊവിനോടുടെ കഥാപാത്രങ്ങളാണ്. അഭിനയം കൊണ്ട് മറ്റൊരു ലോകം തന്നെ സൃഷ്ടിക്കുന്ന നടനാണ് ടൊവിനോ. സലീം അഹമ്മദും ടൊവിനോയും ഒന്നിക്കുമ്പോള്‍ മനോഹരമായ ഒരു സിനിമ തന്നെയായിരിക്കും പിറവിയെടുക്കുക.