‘ബ്രദേഴ്‌സ് ഡേ’യില്‍ മഡോണയും പുതിയ പോസ്റ്റര്‍

June 6, 2019

നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തിയ പ്രേമം എന്ന സിനിമയിലൂടെ മലയളാ ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായ താരമാണ് മഡോണ. വീണ്ടും മലയാളത്തില്‍ സജീവമാവുകയാണ് താരം. പൃഥ്വിരാജ് നായകനായെത്തുന്ന ബ്രദേഴ്‌സ് ഡേയില്‍ മഡോണയും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഐശ്വര്യ ലക്ഷ്മിയും ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നുണ്ട്. ഹാസ്യ കഥാപാത്രമായും വില്ലനായുമെല്ലാം വെള്ളിത്തിരയില്‍ അഭിനയ വസന്തം തീര്‍ത്ത മലയാളികളുടെ പ്രിയ താരം കലഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ഈദ് ആശംസിച്ചുകൊണ്ടുള്ള ബ്രദേഴ്‌സ് ഡേയുടെ പോസ്റ്ററില്‍ പൃഥ്വിരാജിനൊപ്പം മഡോണയും ഐശ്വര്യ ലക്ഷ്മിയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അതേസമയം ബ്രദേഴ്‌സ് ഡേയുടെ സംവിധാന രംഗത്തേക്ക് ചുവടുവെച്ചതിനെക്കുറിച്ച് കലാഭവന്‍ ഷാജോണ്‍ തന്നെ നേരത്തെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ‘പൃഥ്വിയെ തിരക്കഥ കാണിച്ചു, തിരക്കഥ ഇഷ്ടപെട്ട പൃഥ്വി ഇത് ചേട്ടന്‍ തന്നെ സംവിധാനം ചെയ്യാനും പറഞ്ഞു. സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതൊരാളുടെയും ആഗ്രഹം പോലെ സിനിമ ചെയ്യണമെന്നത് എന്റെയും ആഗ്രഹമായിരുന്നു. എന്നാല്‍ സംവിധാനം മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിപ്പിക്കാമെന്ന് കരുതിയിരിക്കുമ്പോഴാണ് ഒരു കഥ നന്നായി എഴുതാന്‍ കഴിയുന്ന ആള്‍ക്ക് അത് മനോഹരമായി സംവിധാനം ചെയ്യാന്‍ കഴിയുമെന്നും ചേട്ടന്‍ തന്നെ ചെയ്താല്‍ മതിയെന്നും പൃഥ്വി പറയുന്നത്.’ ഷാജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഈ വാക്കുകള്‍ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ടും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ബ്രദേഴ്‌സ് ഡേയില്‍ കട്ട താടിയുള്ള കിടിലന്‍ ലുക്കിലാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ ഫോട്ടോകളും അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.

Read more:ജീവന്റെ ജീവനായി… ;’സമീര്‍’ ലെ ഗാനം ശ്രദ്ധേയമാകുന്നു

‘ചേട്ടന്‍ സംവിധാനം ചെയ്താല്‍ ചിത്രത്തില്‍ ഞാന്‍ അഭിനയിക്കാന്‍ തയാറാണ് എന്നു കൂടി പൃഥ്വി പറഞ്ഞതോടെ ആത്മവിശ്വാസം ഇരട്ടിച്ചു. പൃഥ്വിയെപ്പോലുള്ള ഒരാളുടെ ഡേറ്റ് കിട്ടാന്‍ നിരവധി ആളുകള്‍ കാത്തുനില്‍ക്കുമ്പോള്‍ എന്നെപ്പോലുള്ള ഒരാളുടെ സിനിമയുടെ ഭാഗമാകാന്‍ പൃഥിരാജ് തയാറായി. ഒരു സംവിധായകന്റെ കുപ്പായം അണിയുവാനുള്ള ആത്മവിശ്വാസം നേടിത്തന്നത് പൃഥ്വിരാജാണ്’ എന്നും കലാഭവന്‍ ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു.

നാളെ തീയറ്ററുകളിലെത്തുന്ന വൈറസ് എന്ന ചിത്രത്തിലും മഡോണ അഭിനയിക്കുന്നുണ്ട്. നിപാ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് വൈറസ്.