നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതി
നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. യുവാവ് ചികിത്സയിലുള്ള ആസ്റ്റർ മെഡ്സിറ്റി ആശുപത്രി അധികൃതരാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തലുകൾ നടത്തിയത്. യുവാവിന്റെ സുഹൃത്തടക്കം നാല് പേരെ കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന യുവാവിനെ പരിചരിച്ച ആശുപത്രി ജീവനക്കാരും ഡി എം ഒയുടെ നിർദ്ദേശ പ്രകാരം നിലവിൽ ഐസൊലേഷനിലാണ്.
അതേസമയം രോഗത്തെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ നിരവധി വ്യാജപ്രചരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങളിൽ അകപെടരുതെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ‘ഭയപ്പെടേണ്ട സാഹചര്യമില്ല ജാഗ്രതയാണ്’ വേണ്ടതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.
നിപ ബാധയെത്തുടർന്ന് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ പിന്തുണ ഉറപ്പാക്കിയിട്ടുള്ളതായും ആറംഗ സംഘം കൊച്ചിയിൽ എത്തിയതായും ആരോഗ്യ മന്ത്രി അറിയിച്ചു. നിപ ബാധയെ തുടർന്നുള്ള സാഹചര്യം കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ചതായും കോഴിക്കോട് നിന്നുള്ള വിദഗ്ധ സംഘം കൊച്ചിയിലെത്തിയതായും അറിയിപ്പുകൾ ലഭിച്ചിട്ടുണ്ട്. നിപയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുമായി സംസാരിക്കാൻ 24 മണിക്കൂർ കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. നിപയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി സംസ്ഥാന സർക്കാർ പൊതു ജനങ്ങളെ അറിയിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Read also: ‘നിപ’; വ്യാജ പ്രചരണങ്ങളിൽ അകപ്പെടാതിരിക്കാൻ…
നിപ രോഗലക്ഷണങ്ങൾ കാണിക്കുമ്പോൾ മാത്രമേ വൈറസ് പകരുകയുള്ളുവെന്നും , വൈറസ് ശരീരത്തിൽ ബാധിച്ച സമയത്ത് ആരോടെങ്കിലും സംസാരിച്ചാലോ അടുത്തിടപഴകിയാലോ രോഗം പകരുകയില്ലെന്നും മന്ത്രി അറിയിച്ചു.