‘BFFLWYLION’ കൗതുകമൊളിപ്പിച്ച് മഞ്ജുവിന്റെ പിറന്നാൾ ആശംസ

June 8, 2019

മലയാളികളുടെ പ്രിയപ്പെട്ട നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന് ഇന്ന് പിറന്നാള്‍. നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായത് നടി മഞ്ജു വാര്യരുടെ ആശംസയാണ്. ഏറെ വ്യത്യസ്ഥതകൾ നിറഞ്ഞ താരത്തിന്റെ പിറന്നാൾ ആശംസകൾക്ക് പിന്നാലെ ഇതിന് രസകരമായ ട്രോളുകൾ ഒരുക്കി നിരവധി ആളുകളും രംഗത്തെത്തി.

ഹാപ്പി ബർത്ത്ഡേ ഗീതു, ഐ ലവ് യു, യു ആർ മൈ BFFLWYLION എന്നാണ് മഞ്ജു ഫേസ്ബുക്കിൽ കുറിച്ചത്. അതേസമയം ഇത് വായിച്ച പലരും BFFLWYLION എന്താണെന്ന് ചിന്തിച്ചിട്ടുണ്ടാവാം. എന്നാൽ ഇതിന് താഴെ ഈ വാക്കിന്റെ പൂർണരൂപവും മഞ്ജു ചേർത്തിരുന്നു. BFFLWYLION മറ്റൊന്നുമല്ല, ‘ബെസ്ററ് ഫ്രണ്ട് ഫോർ ലൈഫ് വെതർ യു ലൈക് ഇറ്റ് ഓർ നോട്’. ഒരാൾക്ക് ഇഷ്‍ടമുണ്ടെങ്കിലും ഇല്ലെങ്കിലും ജീവിത കാലം മുഴുവൻ പ്രിയ സുഹൃത്തായി തുടരും എന്നാണ് ഈ വാക്കുകളുടെ അർത്ഥം. കുഞ്ചാക്കോ ബോബൻ എടുത്ത ചിത്രത്തിനാണ് മനോഹരമായ അടിക്കുറിപ്പ് നൽകി മഞ്ജു പോസ്റ്റ് ചെയ്‌തത്‌.

അതേസമയം മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാവനയ്ക്ക് കഴിഞ്ഞ ദിവസം പിറന്നാൾ ആശംസകളുമായി മഞ്ജു എത്തിയതും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. പ്രിയപ്പെട്ടവളെ , പിറന്നാള്‍ ആശംസകള്‍… എനിക്ക് നിന്നെ ഇഷ്ടമാണെന്ന കാര്യം നിനക്കറിയാം എന്ന് എനിക്കറിയാം’ എന്ന രസകരമായ ആശംസയാണ് നടി മഞ്ജു വാര്യര്‍ താരത്തിന് നേര്‍ന്നത്. ഒപ്പം ഇരുവരും ഒരുമിച്ചുള്ള മനോഹര ചിത്രവും പങ്കുവെച്ചു.

Read also: ‘ബുദ്ധിമുട്ട് അനുഭവിച്ച സമയങ്ങളിലും നീ എന്നോടൊപ്പം ചേർന്നുനിന്നു’; റിമയെ അഭിനന്ദിച്ച് പാർവ്വതി