ശ്രദ്ധേയമായി മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദറിലെ ‘കുമ്പളങ്ങ…’ പാട്ട്; വീഡിയോ

June 2, 2019

മലയാളികളുടെ പ്രിയ കുടംബനായകന്‍ ജയറാം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍. അനീഷ് അന്‍വറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ ഗ്രാന്‍ഡ് ഫാദറായാണ് ജയറാം വേഷമിടുന്നത്. ഇപ്പോഴിതാ ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിലെ പുതിയ ഗാനം.

‘കുമ്പളങ്ങാ…’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ശ്രീഷു രാമചന്ദ്രന്‍, വിഷ്ണു മോഹന്‍ സിത്താര എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ജാസി ഗിഫ്റ്റ്, ശങ്കര്‍, വിഷ്ണു മോഹന്‍ സിത്താര, മിഥുന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. കിടിലന്‍ താളത്തിലാണ് ഈ പാട്ട് ഒരുക്കിയിരിക്കുന്നതും.

Read more:വിപ്ലവ വീര്യവുമായി ‘നാന്‍ പെറ്റ മകന്‍’; ടീസര്‍

നിറയെ തമാശകളും സസ്‌പെന്‍സും ഇമോഷന്‌സും നിറഞ്ഞ ചിത്രത്തിലെ ട്രെയ്‌ലറിനും ഏറെ സ്വീകാര്യത ലഭിച്ചിരുന്നു.ചിത്രത്തില്‍ മുത്തച്ഛനായാണ് ജയറാം വേഷമിടുന്നത്. ബാബുരാജ്, ഉണ്ണി മുകുന്ദന്‍, പിഷാരടി, മല്ലിക സുകുമാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിജയ രാഘവന്‍, ബൈജു, ഹരീഷ് കണാരന്‍ തുടങ്ങി നിരവധി താരനിരകള്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഒരു സാധാരണ കുടുംബത്തിലെ കൊച്ചുമകനും മുത്തച്ഛനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ മുഖ്യ പ്രമേയം.

ഷാനി ഖാദര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനായുള്ള ജയറാമിന്റെ മേക്ക് ഓവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായിരുന്നു. തടി കൂട്ടിയും താടി വളര്‍ത്തിയുമൊക്കെയുള്ള താരത്തിന്റെ ചിത്രങ്ങളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.