നിപ്പ ആശങ്ക ഒഴിയുന്നു; ആശ്വാസത്തോടെ കേരളക്കര
കേരളത്തെ ഭീതിയിൽ ആഴ്ത്തിയ നിപ വൈറസ് ആശങ്ക ഒഴിയുന്നതായി അധികൃതർ. നിപ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നതായും, യുവാവ് സംസാരിക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങിയതായും അധികൃതർ അറിയിച്ചു. അതേസമയം രോഗം പൂർണ്ണമായും മാറിയ ശേഷമേ ഡിസ്ചാർജ് ചെയ്യുകയുള്ളൂ. കളമശ്ശേരി ഐസൊലേഷൻ വാർഡിൽ കഴിയുന്ന ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവാണെന്നതും ഏറെ ആശ്വാസകരമാണ്.
രോഗബാധിതനായ യുവാവിനെ ചികിത്സിച്ച മൂന്ന് നഴ്സുമാര്‍, യുവാവിന്റെ സഹപാഠി എന്നിവരടക്കം ആറ് പേരുടെ പരിശോധന ഫലവും നെഗറ്റീവാണ്. ഇന്നലെ നിപാ ലക്ഷണങ്ങളുമായി ഒരാളെക്കൂടി ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാളുടെ സ്രവ സാംമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് 314 പേര് നിരീക്ഷണത്തിലാണ്.
Read also: നിപ: നിരീക്ഷണത്തിലുള്ള 6 പേരുടെയും ഫലം നെഗറ്റീവ്
അതേസമയം നിപയുടെ ഉറവിടം കണ്ടെത്താൻ ഭോപ്പാലിൽ നിന്നും പ്രത്യേക സംഘം കൊച്ചിയിലെത്തിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഒപ്പം നിപയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷ വർദ്ധനും പറഞ്ഞു. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിപാ നിയന്ത്രണ വിധേയമാണെങ്കിലും ജാഗ്രത തുടരുകയാണ്.