‘ബാക്ക് ടു സ്കൂൾ’; മാതാപിതാക്കൾ അറിയാൻ

June 4, 2019

സ്കൂൾ തുറക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതിയ ബാഗും, യുണിഫോമും, പുസ്തകങ്ങളുമായി സ്കൂളിലേക്കു യാത്രയാകുന്ന കുട്ടികളെ നമുക്ക് പ്രത്യേകം ശ്രദ്ധയോടെ സ്കൂളുകളിലേക്ക് യാത്രയയക്കാം. രാവിലെ നല്ല രീതിയിൽ ഒരുക്കി വേണം കുട്ടികളെ സ്കൂളിൽ അയക്കാൻ. അതുപോലെ തന്നെ തിരിച്ചു വരുമ്പോഴും സന്തോഷത്തോടെ വേണം സ്വീകരിക്കാൻ, ചീത്ത വാക്കുകൾ ഒഴിവാക്കണം. കുട്ടികളോട് സ്കൂളിലെ വിശേഷങ്ങൾ എല്ലാം ചോദിച്ചു മനസിലാക്കുന്നത്, മാതാപിതാക്കളോട് എല്ലാം തുറന്നു പറയുന്നതിന് സഹായിക്കും.

അതുപോലെതന്നെ പകർച്ചവ്യാധികൾ പകരാൻ ഈ ദിവസങ്ങളിൽ സാധ്യതയുള്ളതിനാൽ കുട്ടികളെയും നമുക്ക് ഇതിനെകുറിച്ച് പറഞ്ഞ് ബോധവാന്മാരാക്കാം. സ്കൂളിൽ മറ്റ് കുട്ടികളുമായി സമ്പർക്കം പുലർത്തേണ്ടി വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും. അതുപോലെ ഭക്ഷണവും മറ്റും പുറത്തുനിന്ന് കഴിക്കുന്നത് കഴിവതും ഒഴിവാക്കുവാനുമുള്ള നിർദേശങ്ങൾ കുട്ടികൾക്ക് നൽകണം. സ്കൂളിലേക്ക് കുട്ടികളെ പറഞ്ഞയക്കുമ്പോൾ തിളപ്പിച്ചാറ്റിയ വെള്ളം കൊടുത്തുവിടാനും മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.

മഴവെള്ളത്തിൽ ഇറങ്ങിയുള്ള കളികളും മറ്റും ഒഴിവാക്കാനും ശുചിത്വം ഉറപ്പുവരുത്തുന്നതിനും കുട്ടികളെ നിർബന്ധിപ്പിക്കണം. ശരീരത്തിന്റെ ശുചിത്വത്തിനൊപ്പം പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികളെ പറഞ്ഞ് മാനസിലാക്കിപ്പിക്കണം. ഒപ്പം കൊതുക് വളരുന്നതിനുള്ള സാഹചര്യവും പരമാവധി ഇല്ലാതാക്കാൻ ശ്രദ്ധിക്കണം. കെട്ടികിടക്കുന്ന മലിനജലത്തിൽ നിന്നുമാണ് കൊതുകുകൾ പെറ്റുപെരുകുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിലും പരിസരത്തിലും കൊതുകിന് വളരാൻ സാഹചര്യം ഉണ്ടാക്കികൊടുക്കില്ലായെന്ന് ഉറപ്പുവരുത്തണം. കൊതുകിനെ നിയന്ത്രിക്കുന്ന ക്രീമുകള്‍ തേക്കുകയും കൊതുകു വലകള്‍ ഉപയോഗിക്കുകയും ചെയ്താല്‍ ഒരു പരിധി വരെ കൊതുകിനെ പ്രതിരോധിക്കാം. മഴക്കാലം എത്തുന്നതോടെ പകർച്ചവ്യാധികളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട്തന്നെ വീടും പരിസരവും ശുചിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഈ ശീലവും കുട്ടികളിൽ വളർത്തണം.