കാഴ്ചയിലും ഗുണത്തിലും കേമനാണ് മാതളനാരങ്ങ
കാഴ്ചയിലെ അഴക് പോലെത്തന്നെ ഗുണത്തിന്റെ കാര്യത്തിലും കേമനാണ് മാതളനാരങ്ങ. വൈറ്റമിൻ സി , കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഈ പഴത്തിൽ കാർബോഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ഫലം കഴിക്കുന്നത് ശീലമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും വിളർച്ച പോലുള്ള അസുഖങ്ങൾ തടയുന്നതിനും ഉത്തമ പരിഹാരമാണ് മാതള നാരങ്ങ. ദഹന സംബന്ധിയായ പ്രശ്നങ്ങൾക്കും മാതള നാരങ്ങ ഒരു ഉത്തമ പരിഹാരമാണ്.
അതേസമയം ഹൃദ്രോഗം, രക്തസമ്മർദം, കൊളസ്ട്രോൾ, വൃക്ക രോഗങ്ങൾ എന്നിവയ്ക്കെല്ലാം പരിഹാരമാണ് അനാർ. ശരീരത്തിൽ അടിയുന്ന ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ അനാറിന് സാധിക്കും. ഹൃദയത്തിൽ അടിയുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും ഹൃദയത്തിൽ ഉണ്ടാകുന്ന അണുബാധ അകറ്റാനും മാതള നാരങ്ങയ്ക്ക് കഴിയും.
Read also: ‘ലൂക്ക’യെ കാത്തിരിക്കാൻ ഒരുപാടുണ്ട് സിനിമാപ്രേമികൾക്ക് കാരണങ്ങൾ….
വൃക്ക സംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കാനും ദിവസേന മാതള നാരങ്ങ കഴിക്കുന്നത് ഉത്തമമാണ്. മാതളത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്സ് രക്ത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെ ദിവസവും ഈ പഴം കഴിക്കുന്നത് ശീലമാക്കാം. മൂത്രാശയത്തിലുണ്ടാക്കുന്ന കല്ലുകളെ അലിയിപ്പിച്ച് കളയാനും ഈ പഴത്തിന് കഴിയും. അതുപോലെ കുട്ടികളിൽ ഉണ്ടാകുന്ന ദഹന സംബന്ധമായ അസുഖങ്ങൾക്കും ഉത്തമ പരിഹാരമാണ് മാതള നാരങ്ങ കഴിക്കുന്നത്.
മാതള നാരങ്ങ പഴമായും ജ്യൂസടിച്ചുമെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. മാതളത്തിന്റെ ഫലം മാത്രമല്ല തൊലി, പൂവ്, കായ് ഇല എന്നിവയെല്ലാം ധാരാളം ഔഷധ ഗുണങ്ങളാൽ സമൃദ്ധമാണ്. അനാറിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിനെ ആഗീരണം ചെയ്ത് വിളർച്ച ഒഴിവാക്കാൻ സഹായിക്കും.