ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും നായകനിലേക്ക്, സംവിധാന സഹായിയിൽ നിന്നും സംവിധായകനിലേക്ക്; സൗബിൻ നടന്നുകയറിയത് പ്രേക്ഷക ഹൃദയങ്ങളിലേക്ക്

June 27, 2019

സിനിമയെ ആത്മാർത്ഥമായി സ്നേഹിക്കുകയും സിനിമയെ ആഴത്തിൽ പഠിക്കുകയും സിനിമയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്ത നടനാണ് സൗബിൻ സാഹിർ..ഒരു സിനിമയുടെ എല്ലാ മേഖലകളിലും കൈവച്ച് കഴിവ് തെളിയിച്ച ആ മഹാനടനെ മലയാള സിനിമ തിരിച്ചറിയാൻ അല്പം വൈകിയോ എന്ന് സംശയിക്കാതിരിക്കാനും കഴിയില്ല. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി എത്തിയ സൗബിനിപ്പോൾ വെള്ളിത്തിരയിൽ നിന്നും സ്ഥാനക്കയറ്റം കിട്ടിയത് മലയാളികളുടെ ഹൃദയത്തിലേക്കാണ്.

കള്ളനായും കാമുകനായും, വില്ലനായും നായകനായും, രോഗിയായും ജേഷ്ഠനായുമൊക്കെ വെള്ളിത്തിരയിൽ എത്തിയ താരത്തിന്റെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസിൽ ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നവയാണ്.

മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത നടനായി മാറിയിരിക്കുകയാണ് സൗബിൻ സാഹിർ. സഹ സംവിധായകനായി ചലച്ചിത്ര രംഗത്തേക്ക് ചുവടുവെച്ച സൗബിനെ തേടി മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും എത്തിയത് ഏറെ ശ്രദ്ദേയമായിരുന്നു.

സഹ സംവിധായകന്റെ വേഷമണിഞ്ഞ് സിനിമ രംഗത്ത് ചുവടുവച്ച താരം സംവിധായകനായും നടനായുമെല്ലാം വെള്ളിത്തിരയിൽ മിന്നിത്തിളങ്ങുകയാണ്.മലയാളത്തിലെ നിരവധി പ്രമുഖർക്കൊപ്പം സിനിമയിൽ പ്രവർത്തിച്ച അദ്ദേഹം  സിനിമയുടെ എല്ലാ ഭാവങ്ങളെയും ആർജിച്ചെടുത്തു എന്നു വേണം കരുതാൻ. ഫാസിൽ, സിദ്ധിഖ് എന്നിവരോടൊപ്പം സഹായി ആയി പ്രവർത്ത സൗബിൻ ജൂനിയർ ആർട്ടിസ്റ്റായും സിനിമയോട് അടുത്തുനിന്നു..

‘സുഡാനി ഫ്രം നൈജീരിയ’യാണ് നായകനായി സൗബിൻ വേഷമിട്ട ആദ്യ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം താരത്തെത്തേടിയെത്തിയത്. സൗബിൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രവും സിനിമ ലോകത്തിന് പുതിയൊരു സംവിധായകനെ വാഗ്ദാനം ചെയ്യുന്നതായിരുന്നു.

അടുത്തിടെ സൗബിൻ പ്രധാന കഥാപാത്രമായി എത്തിയ ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയവും ഏറെ പ്രശംസ നേടിയിരുന്നു. അങ്ങനെ മലയാളത്തിന്റെ മച്ചാനായി മാറിയ സൗബിന്റെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം വൈറസാണ്. ഇപ്പോഴിതാ വെള്ളിത്തിരയിൽ നിരവധി ചിത്രങ്ങളും അദ്ദേഹത്തിന്റേതായി ഒരുങ്ങികൊണ്ടിരിക്കുകയാണ്.

സൗബിൻ നായകനായി ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ജൂതൻ. ചിത്രം സംവിധാനം ചെയ്യുന്നത് ഭദ്രനാണ്. സൗബിനൊപ്പം റിമ കല്ലുങ്കൽ നായിക ആയി എത്തുന്ന ചിത്രത്തിൽ ജോജു ജോർജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പതിനാല് വർഷങ്ങൾക്ക് ശേഷം ഭദ്രൻ വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് ജൂതൻ.

അതേസമയം സൗബിൻ നായകനായി എത്തുന്ന മറ്റൊരു ചിത്രമാണ് അമ്പിളി. ടൊവിനോ തോമസ് നായകനായെത്തിയ ‘ഗപ്പി’ എന്ന ചിത്രത്തിനു ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അമ്പിളി’. അമ്പിളിയില്‍ ടൈറ്റില്‍ കഥാപാത്രമായാണ് സൗബിനെത്തുന്നത്.

Read also: വിക്ടോറിയ നയൻതാര ആയ കഥ: വെളിപ്പെടുത്തി ഷീല

ആഷിഖ് അബു സംവിധാനം ചെയുന്ന ദേവലോകത്തുനിന്നും ഭൂമിയിൽ എത്തുന്ന ഗന്ധർവന്റെ കഥപറയുന്ന ‘ഞാനല്ല ഗന്ധർവ്വൻ’ എന്ന  ചിത്രവും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുണ്ട്.