തൊട്ടപ്പനും തമാശയും നാളെ തീയറ്ററുകളിലേക്ക്

June 4, 2019

കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയനായ താരമാണ് വിനായകന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘തൊട്ടപ്പന്‍’. തൊട്ടപ്പന്‍ നാളെ തീയറ്ററുകളിലെത്തും. ദിലീഷ് പോത്തനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ബന്ധങ്ങളുടെ ആഴവും പരപ്പുമെല്ലാം വ്യക്തമാക്കുന്നതാണ് തൊട്ടപ്പന്‍ എന്ന ചിത്രം. കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ് തൊട്ടപ്പന്‍. ഷാനവാസ് ബാവുക്കുട്ടിയാണ് ‘തൊട്ടപ്പന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ലീല സന്തോഷിന്റെ കരിന്തണ്ടന് പിന്നാലെ വിനായകന്‍ വീണ്ടും നായകനാവുന്ന ചിത്രം എന്ന പ്രത്യേകതയും ‘തൊട്ടപ്പന്‍’ എന്ന സിനിമയ്ക്കുണ്ട്.

പുതുതലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയുടെ ‘തൊട്ടപ്പന്‍’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഷാനവാസ് പുതിയ ചിത്രമൊരുക്കുന്നത്. അതേസമയം തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ കിസ്മത്ത് എന്ന ചിത്രത്തിനു ശേഷം ഷാനവാസ് ബാവുക്കുട്ടി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് തൊട്ടപ്പന്‍. പിഎസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രഫീഖും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട് എന്നതാണ് മറ്റൊരു ആകര്‍ഷണം.

Read more:‘അവസാനം അനക്കും പെണ്ണുകിട്ടി അല്ലേ’; ചിരി പടര്‍ത്തി ‘പെണ്ണന്വേഷണം’ പ്രൊമോ സോങ്

ചിത്രത്തില്‍ നായികയായെത്തുന്നത് പുതുമുഖ താരമായ പ്രിയംവദയാണ്. മുഴുനീള നായക വേഷത്തില്‍ വിനായകന്‍ ആദ്യമായെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് തൊട്ടപ്പന്‍ എത്തുന്നത്. റോഷന്‍ മാത്യു, ലാല്‍, മനോജ് കെ. ജയന്‍, രഘുനാഥ് പലേരി, സുനില്‍ സുഖദ, ബിനോയ് നമ്പാല, മനു ജോസ്, മാസ്റ്റര്‍ ഡാവിഞ്ചി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

തന്മയത്തത്തോടെയുള്ള അഭിനയം കൊണ്ടു വെള്ളിത്തിരയില്‍ ശ്രദ്ധേയനായ വിനയ് ഫോര്‍ട്ട് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘തമാശ’. ചിത്രവും നാളെ തീയറ്ററുകലിലേക്കെത്തും. വെള്ളിത്തിരയിലെ ഹിറ്റ് മേക്കേഴ്‌സായ സമീര്‍ താഹിറും ലിജോ ജോസ് പെല്ലിശ്ശേരിയും നിര്‍മ്മാതാക്കളായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ‘തമാശ’യ്ക്കുണ്ട്. നവാഗതനായ അഷ്‌റഫ് ഹംസയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ചിത്രത്തിനു വേണ്ടിയുള്ള വിനയ് ഫോര്‍ട്ടിന്റെ മെയ്ക്ക് ഓവര്‍ തന്നെ നേരത്തെ മുതല്‍ ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായിരുന്നു.

അതേസമയം സമീര്‍ താഹിറിനും ലിജോ ജോസ് പെല്ലിശ്ശേരിക്കും ഒപ്പം ചെമ്പന്‍ വിനോദും ഷൈജു ഖാലിദും തമാശയില്‍ നിര്‍മ്മാതാക്കളായെത്തുന്നുണ്ട്. ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’, ‘സുഡാനി ഫ്രം നൈജീരിയ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാപ്പി ഹവേഴ്‌സ് എന്റെര്‍ടെയ്‌മെന്റിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘തമാശ’.

‘തമാശ’ എന്ന ചിത്രത്തില്‍ ഒരു കോളേജ് അധ്യാപകന്റെ കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്നത്. സമീര്‍ താഹിറാണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. റെക്‌സ് വിജയനും സുഷിന്‍ ശ്യാമും മ്യൂസിക് പ്രൊഡക്ഷന്റെ ഭാഗമായും ചിത്രത്തിന്റെ അണിയറയിലെത്തുന്നു. ‘മായാനദി’ക്കും ‘സുഡാനി ഫ്രം നൈജീരയ’യ്ക്കും ശേഷം റെക്‌സ് വിജയനും ഷഹബാസ് അമനും ഒന്നിക്കുന്ന ചിത്രമാണ് തമാശ. അതുകൊണ്ടുതന്നെ ചിത്രത്തിലെ ഗാനരംഗങ്ങള്‍ക്കും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്.