ടിക് ടോക്ക് അമ്മാമ്മയുടെ ഈ കിടിലന്‍ മത്തിക്കറി റെസിപ്പി ഒന്ന് പരീക്ഷിച്ചാലോ…! വീഡിയോ

July 23, 2019

മനോഹരങ്ങളായ ടിക് ടോക്ക് വീഡിയോകള്‍ പ്രേക്ഷകര്‍ക്ക് ഇടയില്‍ സ്ഥാനം പിടിച്ചിട്ട് കാലം കുറച്ചായി. അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ വൈറലായ ടിക് ടോക്ക് താരങ്ങളാണ് ഒരു അമ്മാമ്മയും കൊച്ചുമോനും. അമ്മാമ്മ മേരി ജോസഫിനും കൊച്ചുമോന്‍ ജിന്‍സണും ആരാധകര്‍ ഏറെയാണ്. എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ ചിറ്റാട്ടുകര നിവാസികളാണ് ഈ അമ്മാമ്മയും കൊച്ചുമോനും. പ്രവാസിയായ ജിന്‍സണ്‍ അവധിക്കായ് നാട്ടിലെത്തിയ ശേഷമാണ് അമ്മാമ്മയും ഒന്നിച്ചുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നര്‍മ്മം കലര്‍ന്ന നിരവധി ടിക് ടോക്ക് വീഡിയോകള്‍ ഇരുവരും ഒരുക്കിയിട്ടുണ്ട്. സമൂഹത്തിന് വലിയ സന്ദേശങ്ങള്‍ നല്‍കുന്നതാണ് അമ്മാമ്മയുടെയും കൊച്ചുമോന്റെയും ടിക് ടോക്ക് വീഡിയോകള്‍. അവതരണത്തിലെ ശൈലിയും പ്രമേയവുമെല്ലാമാണ് അമ്മാമ്മയുടെയും കൊച്ചുമോന്റെയും ടിക് ടോക്ക് വീഡിയോകളിലെ മുഖ്യ ആകര്‍ഷണം.

എന്നാല്‍ ടിക് ടോക്കില്‍ മാത്രമല്ല പാചകത്തിലും നമ്മുടെ അമ്മാമ്മ മിടുക്കിതന്നെ. സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ സ്വീകാര്യത ലഭിക്കുന്നുണ്ട് അമ്മാമ്മയുടെ വിത്യസ്തമാര്‍ന്ന റെസിപ്പികള്‍ക്ക്. തികച്ചും വിത്യസ്തമായ ഒരു മത്തിക്കറിയാണ് അമ്മാമ്മയുടെ റെസിപ്പികള്‍ക്കിടയില്‍ തിളങ്ങി നില്‍ക്കുന്നത്. ഈ മത്തിക്കറി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നേക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
മത്തി- അരകിലോ
പച്ചമുളക്- 12 എണ്ണം
ഇഞ്ചി- ഒരു കഷ്ണം
വെളുത്തുള്ളി-7 അല്ലി
കറിവേപ്പില- ഒരു തണ്ട്
സവാള- 4 എണ്ണം
വിനാഗിരി- ഒന്നര ടീസ്പൂണ്‍
മഞ്ഞള്‍പൊടി- ഒന്നര ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം
വൃത്തിയാക്കിയ മത്തി ഒരല്പം ഉപ്പു ഇട്ട് വഴറ്റിവയ്ക്കണം. സവാള, പച്ചമുളക്, കറിവേപ്പില, ഇഞ്ചി എന്നിവയെല്ലാം ഒരല്പം വെളിച്ചെണ്ണ ഒഴിച്ച് ചെറിയ തീയില്‍ വഴറ്റി എടുക്കണം. വഴത്തു വരുമ്പോള്‍ വെളുത്തുള്ള രണ്ടായി അരിഞ്ഞ് ചേര്‍ക്കണം. ഇതിലേയ്ക്ക് മഞ്ഞള്‍പൊടിയും ആവശ്യത്തിനുള്ള ഉപ്പും ചേര്‍ക്കണം. ഇവ നന്നായി യോജിപ്പിച്ചതിന് ശേഷം വിനാഗിരി ചേര്‍ത്ത് നന്നായി ഇളക്കണം.

തുടര്‍ന്ന് മുക്കാല്‍ കപ്പ് വെള്ളം ഇതിലേയ്ക്ക് ചേര്‍ത്തുകൊടുക്കണം. ഉപ്പ് തിരുമ്മിവെച്ചിരിയ്ക്കുന്ന മത്ത് ഇതിലേയ്ക്ക് ചേര്‍ത്ത ശേഷം മൂടിവയ്ക്കണം. പതിനഞ്ച് മിനിറ്റോളം അടച്ചുവെച്ച് വേവിക്കണം. പറ്റിച്ചെടുത്താല്‍ നല്ല ഒന്നാന്തരം മത്തിക്കറി റെഡി.