എസ്ര ഹിന്ദിയിലേയ്ക്ക്; നായകനായി ഇമ്രാന് ഹാഷ്മി
തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമായിരുന്നു പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥാപാത്രമായെത്തിയ എസ്ര. ജയ് കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം. എസ്ര ഹിന്ദിയിലേയ്ക്കും ഒരുങ്ങുകയാണ്. സിനിമയുടെ ഹിന്ദി റീമേക്കിന്റെ ചിത്രീകരണവും ആരംഭിച്ചു. പൃഥ്വിരാജ് മലയാളത്തില്‍ അവിസ്മരണീയമാക്കിയ കഥാപാത്രത്തെ ഇമ്രാന് ഹാഷ്മിയാണ് ഹിന്ദിയില്‍ അവതരിപ്പിക്കുന്നത്.
പരസ്യ മേഖലയില്‍ നിന്നും സിനിമാ രംഗത്തെത്തിയ ജയ് കൃഷ്ണയുടെ ആദ്യ ചിത്രമായിരുന്നു എസ്ര. ബോക്സ് ഓഫീസില്‍ 50 കോടിക്ക് മേല്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയാണ് എസ്ര. ചിത്രം ഹിന്ദിയിലേയ്ക്ക് ഒരുക്കുന്നതും ജയ് കൃഷ്ണയാണ്.ദൃശ്യം എന്ന മലയാള സിനിമ ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്ത പനോരമ സ്റ്റുഡിയോസ് തന്നെയാണ് ഈ ചിത്രവും ഹിന്ദിയിലേക്ക് എത്തിക്കുന്നതും. മുംബൈയിലും മൗറീഷ്യസിലുമായി ഹിന്ദി റീമേക്കിലെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം.
2017 ലാണ് എസ്ര തീയറ്ററുകളിലെത്തിയത്. മലയാളത്തില്‍ പ്രിയ ആനന്ദായിരുന്നു നായികാ കഥാപാത്രമായെത്തിയത. ടൊവിനോ, സുദേവ് നായര്‍, വിജയ രാഘവന്, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തി.
അതേസമയം ചെഹരേ എന്ന ചിത്രവും ഇമ്രാന് ഹാഷ്മിയുടേതായി ഒരുങ്ങുന്നുണ്ട്. അമിതാഭ് ബച്ചനും ഇമ്രാന് ഹാഷ്മിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘ചെഹരേ’. റുമി ജാഫ്രെയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സരസ്വതി എന്റര്ടെയ്ന്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ആനന്ദ് പണ്ഡിത് മോഷന്‍ പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ആനന്ദ് പണ്ഡിത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം ‘ചെഹരേ’ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 2020 ഫെബ്രുവരി 21 ന് ചിത്രം തീയറ്ററുകളിലെത്തും.