ഇതാണ് കൽക്കിയിലെ ആ വില്ലൻ; ക്യാരക്ട്ർ വീഡിയോ

July 31, 2019

ഏറെ തിരക്കുള്ള നടനാണ് ടോവിനോ തോമസ്. താരത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് കൽക്കി. നവാഗതനായ പ്രവീൺ പ്രഭാരൻ സംവിധാനം നിർവഹിക്കുന്ന ടോവിനോ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകൾക്കും വീഡിയോകൾക്കുമൊക്കെ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ വില്ലനെ പരിചയപ്പെടുത്തുന്ന  ക്യാരക്‌ടർ വീഡിയോയാണ് വൈറലാകുന്നത്. ഹരീഷ് ഉത്തമനാണ് ഉമ്മറായി ചിത്രത്തിൽ എത്തുന്നത്.

കൽക്കിയിൽ പോലീസുകാരനായാണ് ടോവിനോ എത്തുന്നത്. പൃഥ്വിരാജ് നായകനായുള്ള ‘എസ്ര’ എന്ന ചിത്രത്തിൽ ടോവിനോ പോലീസുകാരന്റെ വേഷമണിഞ്ഞിരുന്നു. പ്രവീൺ പ്രഭാരവും സജിൻ സുജാതനും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ്. അതേസമയം ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയതു മുതൽ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

കൽക്കിയുടെ പ്രമേയം ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന കേസന്വേഷണമല്ലായെന്നും ടൊവീനോയുടെ കഥാപാത്രം ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലെ മമ്മൂട്ടി കഥാപാത്രത്തിന് സമാനമായിരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മ്മാതാക്കൾ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

‘ഒരുപാട് ആരാധകരുള്ള ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലെ മമ്മൂട്ടി കഥാപാത്രവുമായി സാമ്യമുള്ളതാണ് കല്‍ക്കിയിലെ ടൊവീനോ. ചിത്രത്തില്‍ ഉടനീളം പൊലീസ് വേഷത്തില്‍ തന്നെയാവും ടൊവീനോ പ്രത്യക്ഷപ്പെടുക. എന്നാല്‍ കേസന്വേഷണമല്ല ചിത്രം. മറിച്ച് ഒരു സ്ഥലത്ത് സംഭവിക്കുന്ന ചില സംഭവങ്ങളാണ് സിനിമയില്‍ കടന്നുവരുന്നത്.’ വിഷ്ണുവിന്റെ അവസാന അവതാരമായ കല്‍ക്കിയുടെ പേര് സിനിമയ്ക്ക് നല്‍കിയതിനെക്കുറിച്ചും പ്രശോഭ് പറയുന്നു. ‘വിനാശത്തിന്റെ മുന്നോടിയായി എത്തുന്നയാളാണ് പുരാണത്തിലെ കല്‍ക്കി. ടൊവീനോയുടെ കഥാപാത്രവുമായി ഈ സങ്കല്‍പത്തിന് ചില സാമ്യങ്ങളുണ്ട്’ പ്രശോഭ് പറഞ്ഞു.

Read also: ‘എന്തൊരു ക്യൂട്ടാണ് ഈ കുഞ്ഞുമിടുക്കിയുടെ ഡാൻസ്’; കൈയടിച്ച് സോഷ്യൽ മീഡിയ, വൈറൽ വീഡിയോ കാണാം..

ടോവിനോ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം വൻ വിജയമാകുമെന്നുള്ള പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. ടോവിനോയുടെതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06.