‘മലയാള സിനിമ ഇനി ഭരിക്കുന്നത് അഹാന’- മാല പാർവതി, കണ്ണുനിറഞ്ഞ് അഹാന…

July 1, 2019

വെള്ളിത്തിരയിലെ തിരക്കുള്ള നടനായ ടൊവിനോ തോമസിനൊപ്പം അഹാന കുഷ്ണകുമാർ എത്തിയ ചിത്രമാണ് ലൂക്ക. പ്രണയത്തിനുമപ്പുറം ജീവിതം പറയുന്ന ചിത്രത്തിലെ അഹാനയുടെ പ്രകടനത്തെ പ്രശംസിച്ച് നിരവധി ആളുകൾ എത്തിയിരുന്നു.  ഇപ്പോഴിതാ ചിത്രത്തിലെ അഹാനയുടെ പ്രകടത്തിന് നിറഞ്ഞ കൈയ്യടിയുമായി എത്തുകയാണ് മുതിർന്ന നടി മാല പാർവതി. മലയാള സിനിമ ഇൻഡസ്ടറി ഇനി അഹാനയുടെ കൈകളിൽ ആയിരിക്കുമെന്നും ഈ വർഷത്തെ സംസ്ഥാന അവാർഡ് അഹാനയ്ക്ക് ആയിരിക്കുമെന്ന പ്രതീക്ഷ ഉണ്ടെന്നും മാല പാർവതി ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം സിനിമ കാണുന്നതിന് മുൻപ് എന്റെ പ്രസ്താവന വിലയിരുത്തരുതെന്നും താരം കൂട്ടിച്ചേർത്തു.

അതേസമയം മാല പാർവതിക്ക് നന്ദി പറഞ്ഞ് അഹാനയും രംഗത്തെത്തി. മാമിന്റെ പോസ്റ്റ് വായിച്ച് തന്റെ കണ്ണുകൾ നിറഞ്ഞു. തനിക്ക് ഇതിന് മുമ്പ് ഒരു അവാർഡ് കിട്ടിയിട്ടില്ല, അതുകൊണ്ടുതന്നെ ഒരു അവാർഡ് കിട്ടുക എന്നാൽ എങ്ങനെയായിരിക്കുമെന്ന് തനിക്കറിയില്ല..എന്നാൽ തനിക്ക് ലഭിച്ച ആദ്യ അവാർഡായി ഈ പോസ്റ്റിനെ കാണുന്നുവെന്നും താരം വ്യക്തമാക്കി. വാട്‌സ്ആപ്പിലൂടെ പത്തിലധികം ആളുകൾ തനിക്ക് മാല പാർവതിയുടെ പോസ്റ്റ് അയച്ചുനൽകി. പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു അത് കാണുമ്പോൾ. ചിത്രം കണ്ടതിന് ശേഷം തന്നെ വിളിച്ച് സംസാരിച്ചതിനും നന്ദി. ഇത് സൂചിപ്പിക്കുന്നത് താങ്കളൊരു മികച്ച കലാകാരി കൂടിയാണെന്നാണ്.. അഹാന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.


കലാകാരനും ശില്പിയുമായ ലൂക്ക എന്ന വ്യക്തിയുടെ കഥ പറയുന്ന ചിത്രമാണ് ലൂക്ക. അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്ന് ‘ലൂക്ക’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. നിഖില്‍ വേണു എഡിറ്റിങും നിര്‍വ്വഹിക്കുന്നു. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് നിര്‍മ്മാണം.