ത്രില്ലര്‍ ചിത്രവുമായി മിഥുന്‍ മാനുവല്‍ തോമസ്; നായകന്‍ കുഞ്ചാക്കോ ബോബന്‍

July 30, 2019

ചിരിയും ചിന്തയും നിറഞ്ഞ വിത്യസ്ത സിനിമകളെ മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിച്ച മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അഞ്ചാം പാതിര. ത്രില്ലര്‍ ചിത്രമാണ് ഇതെന്നാണ് സൂചന. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയുടെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കും.

ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്ററും പുറത്തിറങ്ങി. നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് അഞ്ചാം പാതിര എന്ന ചിത്രത്തില്‍. കുഞ്ചാക്കോബോബനു പുറമെ ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സൈജു ശ്രീധരനാണ് ചിത്രസംയോജനം. സുശിന്‍ ശ്യാം സംഗീതം നിര്‍വ്വഹിക്കുന്നു.

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ‘ഓം ശാന്തി ഓശാന’ എന്ന ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തായി മലയാള സിനിമയിലേയ്ക്ക് വരവറിയിച്ചതാണ് മിഥുന്‍ മാനുവല്‍ തോമസ്. ആട് ആന്‍മരിയ കലിപ്പിലാണ്, അലമാര, ആട് 2 എന്നിങ്ങനെ നീളുന്നു മിഥുന്‍ മാനുവല്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങള്‍.

Read more:‘പ്രണയത്തിനല്ല കണ്ണില്ലാത്തത്, പ്രണയിക്കാത്തവര്‍ക്കാണ്’: ശ്രദ്ധേയമായി ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ട്രെയ്‌ലര്‍
ഫുട്‌ബോള്‍ പ്രമേയമാക്കി ഒരുക്കിയ ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കാവ്’ ആണ് മിഥുന്‍ മാനുവല്‍ സംവിധാനം നിര്‍വ്വഹിച്ച അവസാന ചിത്രം. കാളിദാസ് ജയറാമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയത്. ഐശ്വര്യ ലക്ഷ്മി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫുട്‌ബോള്‍ ഫാന്‍സിന്റെ കഥ പറയുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കാവ് എന്ന ചിത്രം തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.