അസഹനീയമായ കഴുത്ത് വേദനയുള്ളവർ അറിയാൻ

July 18, 2019

സ്ഥിരമായി ഇരുന്ന് ജോലിചെയ്യുന്നവരെ തേടിയെത്തുന്ന ഒരു രോഗമാണ് കഴുത്ത് വേദന. കഴുത്ത് വേദനയ്ക്ക് പലതുണ്ട് കാരണങ്ങൾ. കഴുത്തിന് പിന്നിൽ അനുഭവപ്പെടുന്ന ഈ വേദനയെ നിസാരമായി കാണരുത്. കഴുത്തിന്റെ എല്ലിന് തേയ്മാനം സംഭവിച്ചാൽ കഴുത്ത് വേദന അനുഭവപ്പെടാറുണ്ട്.

ഏഴു കശേരുക്കൾ ചേർന്നാണ് കഴുത്തിനെ താങ്ങി നിർത്തുന്നത്. ഇവയ്ക്ക് ഏൽക്കുന്ന ചെറിയ ക്ഷതങ്ങളും കഴുത്ത് വേദനയ്ക്ക് കാരണമാകുന്നുണ്ട്. കഴുത്തിലെ രക്തക്കുഴലുകള്‍ക്ക് ക്ഷതം സംഭവിച്ചാലും കഴുത്ത് വേദനിക്കാറുണ്ട്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.

വിശ്രമമില്ലാതെ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കും കഴുത്ത് വേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതുമാത്രമല്ല സ്ഥരിമായി ഓരേ ദിശയിലേക്ക് മാത്രം ശ്രദ്ധ ചെലുത്തിക്കൊണ്ടുള്ള ജോലി ചെയ്യുന്നവര്‍ക്കും കഴുത്ത് വേദന ഉണ്ടാകാനുളള സാധ്യത കൂടുതലാണ്. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.

Read also: കുട്ടികളുടെ ഭക്ഷണകാര്യത്തിൽ അല്പമൊന്ന് ശ്രദ്ധിക്കാം

സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യ പരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്. കൃത്യസമയത്ത് ആവശ്യമായ ചികിത്സയും ശ്രദ്ധയും ലഭ്യമാക്കിയാല്‍ കഴുത്തുവേദനയെ ഭയപ്പെടേണ്ടി വരില്ല. എന്നാൽ മിക്കവരും ഇതിനെ നിസാരമായി കാണാറാണ് പതിവ്. എന്നാൽ രോഗം മൂർച്ഛിക്കുന്നതിന് മുൻപ് തന്നെ വേണ്ടവിധത്തിൽ ഇതിനെ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഈ അസുഖത്തെ ഇല്ലാതാക്കാം.