അജു വര്‍ഗീസ് നായകനായി പുതിയ ചിത്രം; സംവിധാനം രഞ്ജിത് ശങ്കര്‍

July 15, 2019

വെള്ളിത്തിരയില്‍ മലയാളികള്‍ക്കായി ചിരിവിസ്മയം ഒരുക്കുന്ന യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് അജു വര്‍ഗീസ്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വരുന്നു. ‘കമല’ എന്നാണ് ചിത്രത്തിന്റെ പേര്. രഞ്ജിത് ശങ്കറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പാസഞ്ചര്‍, അര്‍ജുന്‍ സാക്ഷി എന്നീ ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത് ശങ്കറിന്‍റേതായി ഒരുങ്ങുന്ന ത്രില്ലര്‍ പ്രമേയമുള്ള ചിത്രമാണ് കമല. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും സാമൂഹ്യമാധ്യമങ്ങളില്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്.

‘പാസഞ്ചറിനും അര്‍ജുന്‍ സാക്ഷിക്കും ശേഷം ഞാന്‍ എഴുതുന്ന ത്രില്ലറാണ് കമല. ഇപ്പോഴുള്ള നായകന്‍മാരെ ഈ ചിത്രത്തിനു വേണ്ടി ആലോചിച്ചു നേക്കിയെങ്കിലും അവരാരുംതന്നെ യോജിക്കുന്നതായി തോന്നിയില്ല. പിന്നീടാണ് ഞാന്‍ അയാളെക്കുറിച്ച് ചിന്തിച്ചത്. അപ്പോള്‍ എനിക്ക് ഉറപ്പായി ഇത് അയാള്‍ക്കുവേണ്ടി എഴുതിയ തിരക്കഥയാണെന്ന്. അതെ അജു വര്‍ഗീസ് ആണ് ഹീറോ’ രഞ്ജിത് ശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Read more:വീണ്ടും ഹരിശങ്കര്‍ മാജിക്; കൈയടി നേടി ‘കക്ഷി അമ്മിണിപിള്ള’യിലെ ഗാനം

രഞ്ജിത് ശങ്കര്‍- ജയസൂര്യ ടീമിന്റെ ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സ് ആണ് കമല എന്ന സിനിമയുടെ നിര്‍മ്മാണം. അതേസമയം ജയസൂര്യ പ്രധാന കഥാപാത്രമായെത്തിയ പ്രേതം 2 ആണ് രഞ്ജിത് ശങ്കര്‍ ഒരുക്കിയ അവസാന ചിത്രം.

അതേസമയം ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ലൗ ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തിലും അജു വര്‍ഗീസ് ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിവിന്‍ പോളിയാണ് ഈ ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ ലൗ ആക്ഷന്‍ ഡ്രാമ ഉടന്‍ തീയറ്ററുകളിലെത്തും എന്നാണ് സൂചന.